സിഡ്നി: ആസ്ട്രേലിയയില്‍ കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ക്ക് ഭീഷണിയായി ജെല്ലിഫിഷുകള്‍. അപകടകാരികളായ ജെല്ലിഫിഷുകള്‍ നിറഞ്ഞതോടെ ബീച്ചില്‍ ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആസ്ട്രേലിയയുടെ വടക്കു കിഴക്കന്‍ കടല്‍ത്തീരത്ത് ഉണ്ടായ ജെല്ലിഫിഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റത് 3595 പേര്‍ക്കാണ്.
ജെല്ലിഫിഷുകളുടെ കുത്തേല്‍ക്കുന്നത് കഠിന വേദനയ്ക്ക് കാരണമാകും.ഇവയുടെ ഭീഷണി ഉയര്‍ന്നതോടെ നിരവധി ബീച്ചുകളാണ് അടച്ചുപൂട്ടേണ്ടി വന്നത്. സാധാരണയായി ജെല്ലിഫിഷുകള്‍ ഓസ്ട്രേലിയന്‍ ബീച്ചില്‍ കണ്ടു വരാറുണ്ടെങ്കിലും ഇത്രയും അധികം ആളുകള്‍ ഇവയുടെ അക്രമണത്തിന് ഇരയാകുന്നത് ആദ്യമായാണ്.
വലിയ കൂട്ടം ജെല്ലിഫിഷുകള്‍ റെയിന്‍ബോ ബീച്ചിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാല്‍ ബീച്ച് അടച്ചുപൂട്ടിയെന്നും കടലുകാണാന്‍ എത്തുന്നവര്‍ വെള്ളത്തില്‍ ഇറങ്ങരുതെന്നും സുരക്ഷാ സേനയുടെ മുന്നറിയിപ്പില്‍ പറയുന്നു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള കാറ്റിന്റെ ശക്തി കൂടിയതാണ് ജെല്ലിഫിഷുകളുടെ എണ്ണം കൂടാന്‍ കാരണം.