പാരിസ്: വിവിധ ആവശ്യങ്ങളുന്നയിച്ച് മഞ്ഞക്കുപ്പായക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനൊരുങ്ങി ഫ്രാന്‍സ്. അനുമതിയില്ലാതെ പ്രക്ഷോഭം സംഘടിപ്പിച്ചതിനെതിരെയാണ് നടപടി സ്വീകരിക്കുക. ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ നവംബര്‍ 1717നാണ് ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ എന്ന പ്രക്ഷോഭക്കാര്‍ തെരുവിലിറങ്ങി സമരം ആരംഭിച്ചത്.
ഈ സമരം പിന്നീട് അക്രമാസക്തമായി മാറുകയും നിരവധി പേര് മരിക്കുകയും ചെയ്തു. ഇതുവരെ 1400 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സമരക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതും ജനജീവിതം സ്തംഭനാവസ്ഥയിലാക്കി. ശേഷം കുറച്ച് നാള് അടങ്ങിയ പ്രതിഷേധം വീണ്ടും ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുന്നതും കടുത്ത തീരുമാനങ്ങളിലേക്ക് നീങ്ങിയതും.
പ്രക്ഷോഭങ്ങള്‍ വിലക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടുത്ത പ്രക്ഷോഭം നടക്കുമ്പോള്‍ അത് നേരിടാനായി 80,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. അനുവാദമില്ലാതെ പ്രക്ഷോഭം നടത്തുന്നവരെ ശിക്ഷിക്കണമെന്ന നിലപാടിലാണ് പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പ്.