ജെറുസലേം: മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന രീതിയിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പാലസ്തീന് തടവുകാര്‍. നിയമം നടപ്പാക്കിയാല്‍ ജയിലിനുള്ളില്‍ നിരാഹാര സമരം തുടങ്ങാനാണ് ഇവരുടെ തീരുമാനം. ജലവിതരണം, ബന്ധുക്കളുടെ സംരക്ഷണം എന്നിവ നിയന്ത്രിക്കുക, ജയിലുകളിലെ പാചകം ചെയ്യാനുള്ള അവകാശം എടുത്തുകളയുക, തടവുകാരുടെ വിനോദ സമയം കുറക്കുക എന്നിവയാണ് ഇസ്രായേല്‍ പൊതുസുരക്ഷാ മന്ത്രി പ്രഖ്യാപിച്ച പ്രധാന തീരുമാനങ്ങള്‍.
ഇസ്രായേലിലെ ജയിലുകളില്‍ ഏതാണ്ട് 5500 പാലസ്തീനിയല് തടവുകാരാണ് കഴിയുന്നത്. ഇതില്‍ 500ലേറെ പേരെ തടവിലാക്കിയിരിക്കുന്നത് വിചാരണ പോലും നടത്താതെയാണ്. തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ പോലും ലംഘിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിയുടെ പ്രഖ്യാപനം.
കൂടാതെ ഹമാസ്-ഫത്താ സംഘടനകളില്‍പ്പെട്ട തടവുകാരെ ഒരേ ജയിലില്‍ പാര്‍പ്പിക്കാനും നീക്കമുണ്ട്. ഇത് തടവുകാര്‍ക്കിടയില്‍ കലാപത്തിന് വരെ സാഹചര്യം ഉണ്ടാക്കിയേക്കും. പാലസ്തീന് വരുന്ന അന്താരാഷ്ട്ര സഹായങ്ങള്‍ തടയാനും ഇസ്രായേല്‍ നീക്കം നടത്തുന്നുണ്ട്, ഇസ്രായേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും നടപ്പിലാകും. അതിന് മുമ്പ് തന്നെ പ്രതിഷേധം ശക്തമാക്കി നിരാഹാര സമരം തുടങ്ങാനാണ് തടവുകാരുടെ തീരുമാനം.