റിയാദ്: നെറ്റ്ഫ്ളിക്സിലെ ഹാസ്യപരിപാടിയുടെ രണ്ടാം എപ്പിസോഡ് നെറ്റ്ഫ്ളിക്സ് സൗദി അറേബ്യയില്‍ ഇനി പ്രദര്‍ശിപ്പിക്കില്ല. സൗദി അറേബ്യയ്ക്കെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള പരിപാടിയായതിനാലാണ് നടപടി. എപ്പിസോഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരിപാടി നീക്കം ചെയ്തു. ‘പാട്രിയട്ട് ആക്റ്റ് വിത്ത് ഹസന് മിന്‍ഹജ്’ എന്ന പരിപാടിയുടെ രണ്ടാം എപ്പിസോഡ് നീക്കം ചെയ്യാന്‍ സൗദി ആവശ്യപ്പെട്ടത് സൈബര്‍കുറ്റകൃത്യ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ്.
പരിപാടി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി അധികൃതരെ വിമര്‍ശിക്കുകയും സൗദി രാജകുമാരന്റെ നയങ്ങളെ അപലപിച്ചു കൊണ്ടുള്ളതുമായിരുന്നു. നെറ്റ്ഫ്ളിക്സ് ഇതേകുറിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും എന്നാല്‍ പ്രാദേശിക നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ട് എന്നും പ്രതികരിച്ചു. നെറ്റ്ഫ്ളിക്സില്‍ നിന്നും നീക്കം ചെയ്തുവെങ്കിലും യൂട്യൂബില്‍ ഈ എപ്പിസോഡ് ഇപ്പോഴും ലഭ്യമാണ്.
മുന്‍നിര മാധ്യമപ്രവര്‍ത്തകനായ ഖഷോഗി സല്മാന് രാജകുമാരന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളായിരുന്നു. 2018 ഒക്ടോബര്‍ രണ്ടിന് സൗദി കോണ്‍സുലേറ്റില്‍ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്.