ഖാര്‍ത്തൂം: ഭക്ഷ്യ, ഇന്ധന വിലക്കയറ്റത്തില്‍ പ്രതിഷേധിച്ചുകൊണ്ട് സുഡാനില്‍ സര്‍ക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭത്തില്‍ 37 പേര് കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. പ്രക്ഷോഭത്തില്‍ പോലീസ് ആക്രമണത്തിലാണ് ഇത്രയും പേര് കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു.
പോലീസ് സേനയെ പിന്‍വലിക്കാന്‍ സുഡാന് പ്രസിഡന്റ് ഉത്തരവിട്ടു. സുഡാനിലെ പ്രധാനഭക്ഷണമായ റൊട്ടിയുടെ വില വര്‍ധിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് ഡിസംബര്‍ 19നാണ് ജനകീയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നത്. പ്രക്ഷോഭക്കാരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 19 പേര് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എന്നാല്‍ ഇത് വസ്തുതാപരമായി തെറ്റാണന്നും 37പേര് പോലീസ് അക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതേതുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ് രംഗത്തെത്തിയത്. ശേഷം പ്രക്ഷോഭങ്ങളെ നേരിടാന്‍ വിന്യസിച്ച പോലീസ് സേനയെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ പോലീസ് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നാമമാത്രമായ പോലീസുകരെ മാത്രം വിന്യസിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.