ജക്കാര്‍ത്ത: അഗ്നിപര്‍വതം അനക് ക്രാക്കറ്റൗവിന്റെ വലുപ്പം കുറഞ്ഞു. ഇന്തൊനീഷ്യയില്‍ സൂനാമിക്കു കാരണമായ അഗ്നിപര്‍വതമാണ് ഇത്. 338 മീറ്റര്‍ ഉയരമുണ്ടായിരുന്ന അഗ്നിപര്‍വതത്തിന് ഇപ്പോള്‍ 110 മീറ്റര്‍ ഉയരമേയുള്ളൂ. വിസ്ഫോടനത്തില്‍ ആകെയുണ്ടായിരുന്ന വലുപ്പത്തില്‍നിന്ന് 150-180 മില്യണ്‍ ക്യുബിക് മീറ്റര്‍ നഷ്ടമായിരുന്നു. ഇതോടെ അഗ്നിപര്‍വതത്തിന്റെ വലുപ്പം 40-70 മില്യണ്‍ ക്യുബിക് മീറ്റര്‍ ആയി കുറഞ്ഞെന്ന് ഇന്തൊനീഷ്യയുടെ സെന്റര്‍ ഫോര്‍ വോള്‍ക്കാനോളജി ആന്‍ഡ് ജിയോളജിക്കല്‍ ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ പറഞ്ഞു.
സുന്‍ഡ കടലിടുക്കിനെ കാര്യമായി ബാധിച്ച സൂനാമി ഉണ്ടായത് ഡിസംബര്‍ 22ന് രാത്രിയായിരുന്നു. സുനാമിയില്‍ 420 പേര് മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപ്പേരെ കാണാതാവുകയും ചെയ്തു. 40,000ല്‍ അധികം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. സുമാത്ര, ജാവ തീരങ്ങളിലെ 186 മൈല്‍ പ്രദേശത്തെയാണു സൂനാമി ബാധിച്ചത്. ദ്വീപ് ശക്തമായ സൂനാമിയില്‍ തകര്‍ന്നുവെന്നാണു പ്രാഥമിക പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
ഇപ്പോഴും തീതുപ്പിത്തീരാത്തതിനാല്‍ ഉപഗ്രഹ ചിത്രങ്ങളെ ആസ്പദമാക്കിയാണ് അഗ്നിപര്‍വതത്തിന്റെ ഉയരവും വലുപ്പവും കണക്കാക്കിയിരിക്കുന്നത്. നേരിട്ടു നടത്തുന്ന പരിശോധനയിലൂടെ മാത്രമേ കൂടുതല്‍ ക്യത്യതയാര്‍ന്ന വിവരങ്ങള്‍ ലഭ്യമാകൂയെന്നും ഇന്തോനീഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി.
വീണ്ടും ഒരു സൂനാമിക്കുള്ള സാധ്യതയുണ്ടെന്നാണു വിലയിരുത്തല്‍. അതിനാല്‍ ജാവ, സുമാത്ര ദ്വീപുകളെ വേര്‍തിരിക്കുന്ന സുന്‍ഡ കടലിടുക്കിന്റെ തീരത്തുനിന്നു മാറി നില്ക്കാന് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്നിപര്‍വതത്തിന്റെ വലുപ്പം കുറഞ്ഞതിനാല്‍ ഇനിയുണ്ടാകുന്ന സൂനാമിയുടെ ശക്തി മുന്പുണ്ടായതിനേക്കാള് കുറവായിരിക്കുമെന്നാണു നിഗമനം. 1883ല്‍ ക്രാക്കറ്റൗ അഗ്നിപര്‍വത വിസ്ഫോടത്തിന്റെ ഫലമായി ഉണ്ടായതാണ് അനക് ക്രാക്കറ്റൗ. ഈ അഗ്നിപര്‍വതം അറിയപ്പെടുന്നത് ക്രാക്കറ്റോവയുടെ രോഷക്കുട്ടി എന്ന പേരിലാണ്.