കൊലയാളി തിമിംഗലങ്ങള്‍ കടലിലെ ഏറ്റവും അപകടകാരികളായ ജീവികളാണ്. ഇവ സ്രാവുകളെയും മറ്റു തിമിംഗലങ്ങളെയും വരെ വേട്ടയാടി ഭക്ഷണമാക്കും. അങ്ങനെയുള്ള കൊലയാളി തിമിംഗലങ്ങളാണ് ന്യൂസീലന്‍ഡിലെ ഒരു കടല്‍ തീരത്തു കുളിക്കാനിറങ്ങിയ സ്ത്രീയെ വളഞ്ഞത്. എന്നാല്‍ ഇവ ആ സ്ത്രീക്ക് സമ്മാനിച്ചത് ചില അപൂര്‍വ നിമിഷങ്ങളാണ്.
സംഭവം നടന്നത് ന്യൂസീലന്‍ഡിലെ ഹാഹെയ് ബീച്ചിലാണ്. ഇവിടെ നീന്താനിറങ്ങിയ അറുപതുകാരിയായ ജൂഡ് ജോണ്സണ് എന്ന സ്ത്രീയെയാണ് തിമിംഗലങ്ങള്‍ വളഞ്ഞത്. തീര നിരീക്ഷണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡ്രോണിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ട് മുതിര്‍ന്ന കൊലയാളി തിമിംഗലങ്ങള്‍ അഥവാ ഓര്‍ക്കകളും ഒരു കുട്ടി ഓര്ക്കയുമാണു സംഘത്തിലുണ്ടായിരുന്നത്.
ജൂഡ് ആദ്യം കരുതിയത് അവ ഡോള്‍ഫിനുകളാണെന്നാണ്. പിന്നീട് ജൂഡ് ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് തന്നെ വളഞ്ഞിരിക്കുന്നതു കൊലയാളി തിമിംഗലങ്ങളാണെന്നു തിരിച്ചറിഞ്ഞത്.
ദൃശ്യങ്ങളില്‍ ഓര്‍ക്കകള്‍ ഇടയ്ക്കിടെ ജൂഡിന്റെ തൊട്ടടുത്തേക്കെത്തുന്നതും കാലില്‍ തൊടുന്നതും കാണാം. അല്‍പ്പസമയം കൂടി ജൂഡിനൊപ്പം നീന്തിയ ശേഷം മൂന്നംഗ ഓര്‍ക്കാ സംഘം തീരത്തു നിന്ന് ആഴക്കടലിലേക്കു മടങ്ങുന്നതോടെയാണ് ഡ്രോണ്‍ ദൃശ്യങ്ങള്‍ അവസാനിക്കുന്നത്.