കെയ്റോ: പര്യവേഷകര്‍ ഈജിപ്തില്‍ പിരമിഡുകള്‍ക്കിടയില്‍ 4,400 കൊല്ലം പഴക്കമുള്ള ശവകുടീരം കണ്ടെത്തി. കെയ്റോയിലെ പിരമിഡുകള്‍ നിറഞ്ഞ സക്വാറയിലാണ് ഒരു പുരോഹിതന്റെ ശവക്കല്ലറ കണ്ടെത്തിയിട്ടുള്ളത്. ഈജിപ്ഷ്യന്‍ പുരാവസ്തു വകുപ്പ് മന്ത്രി ഖാലിദ് എല്‍ എനാനി 2018 ലെ അവസാനത്തെ കണ്ടെത്തല്‍ എന്നാണ് ഇതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തവെ വിശേഷിപ്പിച്ചത്. ഇത് ഫറവോ ഭരണകാലത്ത് ഉന്നതപദവി അലങ്കരിച്ചിരുന്ന പുരോഹിതന്റേതാണ് എന്ന് പര്യവേഷകര്‍ അറിയിച്ചു. ഈ കല്ലറ അഞ്ചാമത്തെ രാജവംശ ഭരണാധികാരി നെഫെരിര്‍കരെ കകെയുടെ കാലത്തിലുള്ളതാണ്.
കൊത്തുപണികളാലും ചായമടിച്ചും അലങ്കരിച്ചിട്ടുള്ള ശവകല്ലറ ഭംഗിയായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കല്ലറയ്ക്കുള്ളില്‍ ഒരു ഡസനോളം ചെറുമാടങ്ങളും 24 വര്‍ണഭംഗിയുള്ള പ്രതിമകളും ഉണ്ട്. പുരോഹിതന് മാതാവിനൊപ്പവും പത്നിയ്ക്കൊപ്പവും നില്ക്കുന്ന രംഗങ്ങള്‍ കല്ലറയ്ക്കുള്ളിലെ ചുമരുകളില്‍ കൊത്തി വെച്ചിട്ടുണ്ട്.
ഫറവോ ജോസറിന്റെ കാലഘട്ടത്തിലെ പ്രശസ്ത ശില്പി ഇംഹോട്ടെപ് ആണ് ഈ പിരമിഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഈജിപ്തിലെ ഏറ്റവും പുരാതനമെന്ന കരുതപ്പെടുന്ന ജോസര്‍ പിരമിഡ് സ്ഥിതി ചെയ്യുന്നിടത്ത് ഏപ്രിലില്‍ ആരംഭിച്ച പര്യവേഷണങ്ങളില്‍ ഏറെ പഴക്കമുള്ളതും ക്രിസ്തുവിന് മുമ്പ് നിര്‍മിച്ചതുമായ ചില കല്ലറകളും കെട്ടിടാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.