റിയാദ്: നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങള്‍ വിജയകരമായി വിക്ഷേപിച്ച് സൗദി. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ അതിസൂക്ഷ്മ ബഹിരാകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സൗദി നിര്‍മ്മിച്ച ഈ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി നിര്‍മ്മിച്ച രണ്ട് ഉപഗ്രഹങ്ങളാണ് വെള്ളിയാഴ്ച വിജയകരമായി വിക്ഷേപിച്ചത്. സൗദി വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഉപഗ്രഹ നിര്‍മ്മാണവും വിക്ഷേപണവും പൂര്‍ത്തീകരിച്ചത്.
സൗദി എഞ്ചിനീയര്‍മാരാണ് ഉപഗ്രഹങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. രാവിലെ ഏഴ് മണിക്ക് ഉപഗ്രഹം ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചതായി കാസ്റ്റ് അധികൃതര്‍ വിശദീകരിച്ചു. സാറ്റ് 5എ, 5ബി എന്നീ ഉപഗ്രഹങ്ങള്‍ അതിന്റെ ഭ്രമണപഥത്തില്‍ എത്തിയിട്ടുണ്ടെന്നും കാസ്റ്റിലെ എഞ്ചിനീയര്‍മാര്‍ ചൈനയിലെ ജിയോങ്വാന് വിക്ഷേപണ കേന്ദ്രത്തില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സന്ദേശങ്ങള്‍ സ്വീകരിക്കാന്‍ കാത്തിരിക്കയാണെന്നും കാസ്റ്റ് വൃത്തങ്ങള്‍ പറഞ്ഞു.
സൗദി എഞ്ചിനീയര്‍മാര്‍ യൂറോപ്യന്‍ വാനനിരീക്ഷണ സംവിധാനം ഉപയോഗിച്ചാണ് ഉപഗ്രഹങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സൗദിയുടെ നിരീക്ഷണ, വികസന മേഖലയില്‍ വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഉപഗ്രഹങ്ങള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ അതിസൂക്ഷ്മ ബഹിരാകാശ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും.