വാഷിങ്ടണ്‍: മീടൂ ക്യാംപെയ്ന് ലോകത്തെ പിടിച്ചുകുലുക്കി ഒരുവര്‍ഷം പിന്നിടുമ്പോള്‍ യുഎസിലെ കോര്‍പ്പറേറ്റ് മേഖല പിന്തുടരാന് തുടങ്ങിയ ചില അലിഖിത നിയമങ്ങളുണ്ട്.
വനിതാസഹപ്രവര്ത്തകര്ക്കൊപ്പം അത്താഴവിരുന്ന് കഴിയുന്നതും ഒഴിവാക്കുക, വിമാനത്തില്‍ അവരുടെ അടുത്ത സീറ്റുകളില്‍ ഇരിക്കരുത്, അവര്‍ക്കൊപ്പം ഒരു ഹോട്ടലില്‍ താമസിക്കേണ്ടിവന്നാല്‍ വ്യത്യസ്തനിലകളിലെ മുറികള്‍ തിരഞ്ഞെടുക്കുക, ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചകള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ഈ നിയമങ്ങള്‍.
ഇത് തെളിയിക്കുന്നത് മീടൂ വെളിപ്പെടുത്തലുകള്‍ ലോകത്തെ മാറ്റിമറിച്ചതിനൊപ്പംതന്നെ സ്ത്രീകളുടെ ജീവിതം കൂടുതല്‍ ബുദ്ധിമുട്ടുള്ളതാക്കിമാറ്റിയെന്നുമാണ്. മീടൂവില്‍ കുടുങ്ങിയേക്കാമെന്ന ഭയം പുരുഷന്മാരെയും കമ്പനി നേതൃത്വത്തെയും കൂടുതല്‍ ജാഗരൂകരാക്കുന്നു. എന്നാല്‍ ഈ അമിതജാഗ്രതയുടെ പരിണതഫലം സ്ത്രീകള്‍ വീണ്ടും പിന്നോട്ടുനയിക്കപ്പെടുന്നു എന്നതാണ്.
യുഎസിലെ സാമ്പത്തികമേഖലയിലെ ഉപദേശകന് പറയുന്നത് ഇക്കാലത്ത് ഒരുസ്ത്രീയെ ജോലിയിലേക്ക് പരിഗണിക്കുന്നതില്‍ത്തന്നെ വലിയൊരു ‘അപകടസാധ്യത’ ഒളിഞ്ഞിരിക്കുന്നുവെന്നാണ്. തങ്ങള്‍ പറയുന്നതെന്തെങ്കിലും അവര്‍ തെറ്റിദ്ധരിച്ചാല്‍ അവിടെത്തീര്‍ന്നില്ലേ കാര്യങ്ങളെന്നും അദ്ദേഹം ചോദിക്കുന്നു.
ഈ അമിതജാഗ്രതയ്ക്ക് യുഎസില്‍ ഒരു പേരുമിട്ടുകഴിഞ്ഞു ‘പെന്‍സ് ഇഫക്ട്’. ഇതിനുകാരണം മീടൂവിനെത്തുടര്‍ന്ന് ഭാര്യയോടൊപ്പമല്ലാതെ മറ്റൊരു സ്ത്രീക്കൊപ്പം തനിച്ച് ഭക്ഷണം കഴിക്കുന്നത് താന്‍ ഒഴിവാക്കിയെന്ന യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ പരാമര്‍ശമാണ്. വാസ്തവത്തില്‍ ലിംഗവിവേചനത്തിലേക്കാണ് ഈ ഭയം നയിക്കുന്നത്.
യുഎസിലെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളിലെ 30 ഉന്നതോദ്യോഗസ്ഥര്‍ മീടൂ വിവാദങ്ങള്‍ തങ്ങളെ പരിഭ്രാന്തരാക്കിയതായി സമ്മതിക്കുന്നു. ജോലിസ്ഥലത്തെ തങ്ങളുടെ പെരുമാറ്റം ശരിയാണോ എന്ന ചിന്ത, ശരിയായ കാര്യംചെയ്യുമ്പോള്‍ പോലും തെറ്റാണോ എന്ന ആശങ്ക എന്നിവ തങ്ങളെ ബാധിച്ചതായും അവര്‍ പറഞ്ഞു. മീടൂ ക്യാംപെയ്ന് ലോകശ്രദ്ധയാകര്‍ഷിക്കുന്നത് ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരായ ലൈംഗികാരോപണങ്ങളുടെ തുറന്നുപറച്ചിലിലൂടെയാണ്.