വാഷിംഗ്ടണ്‍: ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍ അറിയാനായി ചൊവ്വയിലെത്തിയ ഇന്‍സൈറ്റില്‍ നിന്നും ആദ്യ സിഗ്നലുകള്‍ ഭൂമിയിലെത്തി. ഇന്‍സൈറ്റ് ക്യാമറയില്‍ പകര്‍ത്തിയ സ്വന്തം ചിത്രം അയച്ചു. ലാന്‍ഡിങ് തൃപ്തികരമായിരുന്നെന്നും സൗരോര്‍ജ പാനലുകള്‍ നിവര്‍ത്തി ഇന്‍സൈറ്റ് ദൗത്യത്തിന് തയ്യാറെടുത്തതായും നാസ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചൊവ്വ ഗ്രഹത്തിന്റെ അന്തരീക്ഷഘടന, ജലത്തിന്റെ സാന്നിധ്യം, താപനില, കാലാവസ്ഥ എന്നിവയെക്കുറിച്ചുള്ള ഇന്‍സൈറ്റിന്റെ കണ്ടെത്തലുകള്‍ക്കായി ലോകമാകമാനം ആകാംഷയോടെ കാത്തിരിക്കുകയാണ്.
ഇന്ത്യന്‍ സമയം ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് ഇന്‍സൈറ്റില്‍ നിന്നുള്ള ചിത്രം ലഭിച്ചത്. ഭാവിയില്‍ മനുഷ്യനെ എത്തിക്കുന്നതിനാവശ്യമായ പഠനങ്ങള്‍ നടത്തുകയാണ് ഇന്‍സൈറ്റിന്റെ ലക്ഷ്യം. പേടകത്തിനൊപ്പമുള്ള രണ്ട് ചെറു ബഹിരാകാശ വാഹനങ്ങള്‍ ‘മാര്‍കോ’ (മാര്‍സ് ക്യൂബ് വണ്‍) ഇന്‍സൈറ്റിനെ സദാ പിന്തുടരും. ചൊവ്വയുടെ ഉപരിതലത്തിലേക്കിറങ്ങി ആഴത്തില്‍ പഠനം നടത്താന്‍ കഴിയുന്ന ആദ്യത്തെ ബഹിരാകാശ പേടകമാണിത്.