ലാഹോര്‍: പ്രശസ്ത പാകിസ്താനി കവിയത്രി ഫഹ്മിദ റിയാസ് (73) അന്തരിച്ചു. പാകിസ്ഥാനിലെ സ്ത്രീവിമോചന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന ഇവര്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി അബോധാവസ്ഥയിലായിരുന്നു.
1945 ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ മീററ്റിലായിരുന്നു ഫഹ്മിദ ജനിച്ചത്. പിന്നീട് കുടുംബം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. നാലു വയസ്സില്‍ അച്ഛന് മരിച്ച ശേഷം അമ്മയായിരുന്നു അവരെ വളര്‍ത്തിയത്. റേഡിയോ പാകിസ്താനിലും ബിബിസി ഉറുദു സര്‍വീസിലും ഫഹ്മിത പ്രവര്‍ത്തിച്ചിരുന്നു.
ഫഹ്മിദയുടെ ഉറുദു പ്രസിദ്ധീകരണമായ ആവാസിലെ സ്വതന്ത്രവും രാഷ്ട്രീയവുമായ ഉള്ളടക്കം സിയ ഉള്‍ഹഖിനെ പ്രകോപിപ്പിച്ചു. ഫഹ്മിതയ്ക്കും ഭര്‍ത്താവിനുമെതിരെ നിരവധി കേസുകള്‍ ചുമത്തുകയും ആവാസ് പൂട്ടിക്കുകയും ചെയ്തു. അവരുടെ ഭര്‍ത്താവ് അറസ്റ്റിലായശേഷം മക്കളുമൊത്ത് ഇന്ത്യയിലെത്തി. ഏഴുവര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ച് സിയ ഉള്‍ഹഖിന്റെ മരണത്തിന് ശേഷം പാകിസ്താനിലേക്ക് തിരിച്ചുപോയി.