ബ്രസല്‍സ്: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ ആരോപണവിധേയരായ 18 സൗദി പൗരന്മാര്ക്ക് ജര്‍മനിയിലും യൂറോപ്പിന്റെ ഷെങ്ഗെന് മേഖലയിലും വിലക്കേര്‍പ്പെടുത്തുമെന്ന് വിദേശമന്ത്രി ഹെയ്കോ മാസ്. ജമാല്‍ ഖഷോഗി വധവും തുടര്‍ന്നുള്ള സംഭവങ്ങളും ജര്‍മനി നിരീക്ഷിച്ച് വരികയാണ്. യൂറോപ്യന്‍ യൂണിയനില്‍ വിഷയം ചര്‍ച്ചചെയ്ത് കൂടുതല്‍ കടുത്ത നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും മാസ് പറഞ്ഞു.
സൗദിയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗങ്ങള്‍ തയ്യാറാവണമെന്ന് ജര്‍മനി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രവേശനത്തിന് പാസ്പോര്‍ട്ട് ആവശ്യമില്ലാത്ത 22 യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ ചേര്‍ന്നതാണ് ഷെങ്ഗെന് മേഖല. ഫ്രാന്‍സുമായി അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഫ്രാന്‍സിന്റെ സഹകരണവും തേടിയിട്ടുണ്ട്.
അതേസമയം വാര്‍ഷിക ഷൂറാ കൗണ്‍സിലില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ്, വിവാദമായ ഖഷോഗി സംഭവം പരാമര്‍ശിച്ചില്ല. എന്നാല്‍ നാട്ടില്‍ നീതി നടപ്പാക്കുന്നതില്‍ അധികൃതര്‍ നടപ്പാക്കുന്ന കടമ പ്രശംസനീയമാണെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിച്ചു.