ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പുതിയ വിവരങ്ങളുമായി തുര്‍ക്കി. ഖഷോഗിയെ കൊല്ലാനുപയോഗിച്ചു എന്നുകരുതുന്ന ഉപകരണങ്ങളെപ്പറ്റിയുള്ള വിവരം തുര്‍ക്കി പുറത്തുവിട്ടു. 15 അംഗ കൊലയാളിസംഘത്തിന്റെ ബാഗിന്റെ എക്സ്റേ ചിത്രം സര്‍ക്കാര്‍ അനുകൂല പത്രം സബാ പ്രസിദ്ധീകരിച്ചു. ഒക്ടോബര്‍ രണ്ടിന് റിയാദിലേക്ക് പോയ രണ്ട് വിമാനത്തില്‍ ബാഗ് കയറ്റിവിട്ടതായും സബാ റിപ്പോര്‍ട്ട് ചെയ്യുന്നു.
കത്രികകള്‍, സിറിഞ്ചുകള്‍, ഹൃദയാഘാതം വരുമ്പോള്‍ ഷോക്ക് നല്കാനുപയോഗിക്കുന്ന ഡിഫൈബ്രിലേറ്റേഴ്സ്, സ്റ്റാപ്ലയറുകള് തുടങ്ങിയവയാണ് ബാഗിലുണ്ടായിരുന്നത്. ഇതുകൂടാതെ പത്ത് ഫോണും അഞ്ച് വാക്കിടോക്കിയും ഒരു ജാമിങ് ഉപകരണവും ഇന്റര്കോമുകളും ഉണ്ടായിരുന്നു. ഖഷോഗിയെ കൊല്ലാനായി 15 അംഗ സംഘമാണ് റിയാദില്‍നിന്ന് ഇസ്താംബുള്ളിലെത്തിയതെന്ന് പ്രസിഡന്റ് റസിപ് തയിപ് എര്ദോഗന് സ്ഥിരീകരിച്ചിരുന്നു.