അബുജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ കോളറ രോഗം പിടിമുറുക്കുന്നു. മാരകം രോഗം പിടിപെട്ട് ഇതുവരെ 75 പേര് കൊല്ലപ്പെട്ടതായി നോര്‍വീജിയന്‍ റെഫ്യൂജി കൗണ്‍സില്‍ വ്യക്തമാക്കി. 1,000 പേര് ദുരന്തബാധിതരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അദമവ, ബോര്‍ണോ, യോബേ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോളറ പടരുന്നത്. ബൊക്കോ ഹറാം ഭീകരരെ ഭയന്ന് അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്നവരിലാണ് രോഗം കൂടുതല്‍ പടര്‍ന്നിരിക്കുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
ക്യാംപുകളിലെ ഇടുങ്ങിയ പരിസ്ഥിതി മതിയായ അളവില്‍ വെള്ളം ലഭിക്കുന്നതിന് തടസമുണ്ടാക്കുകയും ഇത് വൃത്തിഹീനമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. രോഗം പടരാനുള്ള ഏറ്റവും ഗുരുതരമായ ഒരു കാരണം ഇതാണ്. സംഘടനയുടെ പ്രോഗ്രാം മാനേജര്‍ ജാനെറ്റ് ചെറോണോ പറഞ്ഞു.
പ്രദേശത്തെ മഴയും രോഗം പടരാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 നൈജീരിയയില്‍ ഇനിയും കോളറ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ചെറോണോ നല്കി.