ഇസ്ലമാബാദ്: മതനിന്ദ നടത്തിയെന്ന പേരില്‍ പാകിസ്താനിലെ ലഹോര്‍ കോടതി വധശിക്ഷ വിധിക്കുകയും പിന്നീട് സുപ്രീം കോടതി വെറുതെ വിടുകയും ചെയ്ത അസിയ ബീബി രാജ്യം വിട്ടു. ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് അസിയ പാക്കിസ്ഥാന് പുറത്തേക്ക് പോകുന്നത്.
മുള്‍ട്ടാന്‍ ജയിലില്‍ നിന്നും മോചിതയായ അസിയ നെതര്‍ലന്‍ഡ്സിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ട്. നെതര്‍ലന്‍ഡ്സ് അംബാസിഡറിനും കുടുംബത്തിനും ഒപ്പമാണ് അസിയ ബീബി നൂര്‍ ഖാന് എയര്‍ ബേസില്‍ നിന്നും നെതര്‍ലന്‍ഡ്സിലേക്ക് പോയതെന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു.
കേസിന് ആസ്പദമായ സംഭവം നടന്നത് 2009 ലാണ്. ക്രിസ്ത്യന്‍ യുവതിയായ അസിയ സമീപത്തെ മുസ്ലിം വിഭാഗക്കാര്‍ ഉപയോഗിച്ചിരുന്ന കിണറില്‍ നിന്ന് വെള്ളം കോരി, അതേ പാത്രത്തില്‍ തന്നെ കുടിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് മതനിന്ദ നടത്തിയെന്ന ആരോപണത്തില്‍ അസിയയ്ക്ക് വധശിക്ഷ വിധിക്കുകയായിരുന്നു. ഒക്ടോബര്‍ 31നാണ് അസിയയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കിയത്.