ബീജിങ്: ഏകദേശം രണ്ടായിരം വര്‍ഷം പഴക്കമുള്ള വീഞ്ഞ് ശവകുടീരത്തില്‍ നിന്ന് കണ്ടെടുത്തു. മധ്യ ചൈനയിലെ ഹെനാന്‍ പ്രവശ്യയില്‍ നിന്നാണ് അത്യപൂര്‍വ്വമായ വീഞ്ഞ് കണ്ടെത്തിയത്. പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് സംഭവം കണ്ടെത്തിയത്. മുദ്രവെച്ചടച്ച പഴയ വെങ്കല പാത്രത്തില്‍ 3.5 ലിറ്റര്‍ വീഞ്ഞാണ് ഉള്ളതെന്ന് അധികൃതര്‍ അറിയിച്ചു.
മഞ്ഞ നിറത്തിലുള്ള ദ്രാവകരൂപമാണ് കണ്ടെത്തിയത്. കുഴിച്ചെടുത്ത വീഞ്ഞ് ശ്വസിച്ചതിനുശേഷം അധികൃതര്‍ ചൈനീസ് വീഞ്ഞാണെന്ന് ഉറപ്പിക്കുകയായിരുന്നു. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യത്തിന്റെ അംശങ്ങള്‍ അടങ്ങിയിട്ടുണ്ടോയെന്ന് അറിയാന്‍ മറ്റു പരിശോധനകള്‍ക്ക് അയക്കുമെന്ന് ലുവോയാങ് നഗരത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറല്‍ റെലിക്സ് ആന്‍ഡ് ആര്‍ക്കിയോളജി തലവന്‍ ഷി ജിയാസെന് പറഞ്ഞു.
കാട്ടുവാത്തയുടെ ആകൃതിയിലുള്ള വിളക്കും ശവകുടീരത്തില്‍ നിന്നും കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. കൂടാതെ, മൃതശരീരാവശിഷ്ടങ്ങളും കണ്ടെത്തി. പാശ്ചാത്യന്‍ ഹാന്‍ രാജവംശത്തിന്റെ (202 ബിസി മുതല്‍ എഡി 8) കാലഘട്ടത്തിലെ വീഞ്ഞാണെന്ന് കരുതപ്പെടുന്നു. എന്നാല്‍, വീഞ്ഞ് കുപ്പി എങ്ങനെ മുദ്രവെച്ചടച്ചെന്നോ ജലാംശം നഷ്ടപ്പെടുന്നതില്‍ നിന്ന് എങ്ങനെ സൂക്ഷിച്ചെന്നോ വിവരങ്ങളില്ല.