സന: യമനില്‍ ഓരോ പത്ത് മിനിറ്റിലും കുഞ്ഞുങ്ങള്‍ മരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ കണക്ക്. ഏറ്റുമുട്ടല്‍ കനക്കുന്നതിനിടെ യമനില്‍ പട്ടിണിയും മരണവും വ്യാപകമാകുകയാണ്. നിലവില്‍ ആരോഗ്യരംഗം ഗുരുതരാവസ്ഥയിലാണ്.
പട്ടിണി മരണങ്ങള് ഭീതിപ്പെടുത്തും വിധം വര്‍ധിച്ചു. പോഷകാഹാര കുറവാണ് പ്രധാന പ്രശ്നം. തടയാനാകുന്ന അസുഖങ്ങളാല്‍ പോലും കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഓരോ പത്ത് മിനിറ്റിലും ഓരോ കുഞ്ഞെന്ന തോതില്‍ മരണം കുത്തനെ കൂടുകയാണ്.
ഇതിനിടെ പോഷകാഹാര കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സൗദി നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഹൂതി സാന്നിധ്യമുള്ള മേഖലകളില്‍ ഇത് സാധ്യമല്ല. സൗദി നേതൃത്വത്തില്‍ അയച്ച 16 കാര്‍ഗോ കപ്പലുകള്‍ ഹൂതികള്‍ തടഞ്ഞു വെച്ചു.
ഈ മേഖലയിലുള്ളവര്‍ ഗുരുതരമായ സ്ഥിതിയില്‍ ഐക്യരാഷ്ട്ര സഭയുടെ ഇടപെടലാവശ്യപ്പെടുകയാണ്. യുദ്ധമവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ ഈയാഴ്ച തുടങ്ങുമെന്നാണ് സൂചന. പക്ഷേ ഇതിനോട് യുദ്ധത്തില്‍ പങ്കാളികളായവരുടെ അനുകൂല പ്രതികരണം വന്നിട്ടില്ല.