ഇസ്ലാമാബാദ്: പാക് ചീഫ് ജസ്റ്റിസിനും രണ്ടു ജഡ്ജിമാര്‍ക്കും വധഭീഷണി. പ്രവാചകനിന്ദയുടെ പേരില്‍ വധശിക്ഷ കാത്തുകഴിഞ്ഞ യുവതിയെ കുറ്റവിമുക്തയാക്കിയതിനാലാണ് പാകിസ്താന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രണ്ടു ജഡ്ജിമാര്‍ക്കുമെതിരെ വധഭീഷണി ഉയര്‍ന്നത്. ചീഫ് ജസ്റ്റിസ് നിസാറിനെയും ജഡ്ജിമാരെയും കൊല്ലുമെന്ന് തെഹരീകെ ലബായിക് പാര്‍ടി (ടിഎല്‍പി) മുതിര്‍ന്ന നേതാവ് ഭീഷണി മുഴക്കി.
സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്ഖാന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടിഎല്‍പി നേതാവ് മുഹമ്മദ് അഫ്സല് ഖദ്രി ചീഫ് ജസ്റ്റിസിനും രണ്ടു ജഡ്ജിമാര്‍ക്കും വധഭീഷണി മുഴക്കിയത്. സുരക്ഷാ സൈനികരാലോ ഡ്രൈവര്മാരാലോ പാചകക്കാരാലോ അവര്‍ വധിക്കപ്പെടുമെന്നായിരുന്നു ഭീഷണി.
സുപ്രീംകോടതി വിധിക്കെതിരെ ടിഎല്‍പി അടക്കമുള്ള തീവ്രസ്വഭാവമുള്ള രാഷ്ട്രീയപാര്‍ടികളും സംഘടനകളും തലസ്ഥാനമായ ഇസ്ലാമബാദിലടക്കം പ്രതിഷേധം തുടരുകയാണ്. വാഹന-ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയും സംഘര്‍ഷം അഴിച്ചുവിട്ടുമാണ് പ്രതിഷേധം.
ഇതേതുടര്‍ന്ന് ഇസ്ലാമബാദിലെയും കറാച്ചിയിലെയും കിഴക്കന്‍ ലാഹോറിലെയും സ്കൂളുകള്‍ വ്യാഴാഴ്ച അടച്ചിട്ടു. പ്രവാചകനിന്ദയുടെ പേരില്‍ 2010ല്‍ കോടതി വധശിക്ഷ നല്കിയ അസിയ ബിബി എന്ന ക്രിസ്ത്യന്‍ യുവതിയെയാണ് ബുധനാഴ്ച സുപ്രീംകോടതി കുറ്റവിമുക്തയാക്കിയത്.