ഇസ്താംബുള്‍: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതക്കത്തില്‍ തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടരുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നെന്നും തുടര്‍ന്ന് ഇയാളുടെ ശരീരം തുണ്ടം തുണ്ടമാക്കിയെന്നും തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.
മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് സൗദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് ഖഷോഗി കൊല്ലപ്പെടുന്നത്. ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സൗദി കൊലപാതകം സമ്മതിക്കുന്നത്. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദി നല്കിയ വിശദീകരണം
ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് അന്വേഷിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജബ് തയ്യിപ് ഉര്ദുഗാന് സൗദി ചീഫ് പ്രോസിക്യൂട്ടര്‍ സൗദ് അല്‍ മൊജീബിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.