ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിമാനം കടലില്‍ വീണ സംഭവത്തില്‍ സാങ്കേതിക വിഭാഗം ഡയറക്ടറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. മുഹമ്മദ് അസിഫിനെയാണ് ഗതാഗത മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലയണ്‍ എയര്‍ വിമാനക്കമ്പനി ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചയാണ് വന്‍ദുരന്തത്തിന് വഴിവച്ചതെന്നാണ് നിഗമനം. ഇതിനാലാണ് സാങ്കേതിക വിഭാഗം ഡയറക്ടറെ പുറത്താക്കിയത്. തലേദിവസം ബാലിയില്‍നിന്ന് ജക്കാര്‍ത്തയിലേക്ക് പോയ ഈ വിമാനത്തിന് സാങ്കേതിക തകരാറുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍ പുറത്തുവന്നു.
തകരാറ് പരിഹരിക്കാതെയാണ് പിറ്റേദിവസം വിമാനം വീണ്ടും യാത്ര പോയത്. വിമാനം ജക്കാര്‍ത്തയിലെ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ താഴത്തിറക്കാന് പൈലറ്റ് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍, അനുമതി ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 13 മിനുട്ട് റഡാറില്‍നിന്ന് അപ്രത്യക്ഷമായ വിമാനം കടലില്‍ പതിക്കുകയായിരുന്നു. കടലില്‍വീണ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.
അപകടം നടന്ന് മൂന്ന് ദിവസം പിന്നിട്ട സാഹചര്യത്തില്‍ വിമാനത്തിലെ യാത്രക്കാര്‍ ആരും തന്നെ ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലാണ് ദുരന്തനിവാരണ അധികൃതര്‍. വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയതായി അവര്‍ വ്യക്തമാക്കി. തെരച്ചിലിനിടെ കണ്ടെത്തിയ 49 മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ തിരിച്ചറിയല്‍ പരേഡ് നടത്തും.