ഇസ്ലാമാബാദ്: പാകിസ്താനില്‍ പ്രവാചക നിന്ദയുടെ പേരില്‍ വധശിക്ഷ വിധിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന യുവതിയെ സുപ്രീംകോടതി കുറ്റവിമുക്തയാക്കി. ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട അസിയ ബിബിയാണ് ജയില്‍ മോചിതയാകുന്നത്. മുസ്ലിങ്ങള്‍ മാത്രം കുടിക്കുന്ന ഗ്ലാസില്‍ അസിയ ബിബി വെള്ളം കുടിച്ച പ്രശ്നമാണ് വധശിക്ഷയില്‍ എത്തിച്ചത്.
വെള്ളം കുടിച്ചത് സംബന്ധിച്ച് അസിയയും അയല്‍ക്കാരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ അസിയ പ്രവാചക നിന്ദ നടത്തിയെന്നായിരുന്നു കേസ്. ഇതേതുടര്‍ന്ന് 2010ലാണ് പ്രവാചക നിന്ദയുടെ പേരില്‍ നാലു കുട്ടികളുടെ അമ്മയായ ഇവര്‍ക്ക് പാകിസ്താന് കോടതി വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് ജയിലില്‍ കഴിയുകയായിരുന്നു. പ്രവാചക നിന്ദയുടെ പേരില്‍ യുവതിക്ക് പാകിസ്താനില്‍ ലഭിച്ച ആദ്യ വധശിക്ഷയായിരുന്നു അത്.
ഇതിനെതിരെ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പ്രതിഷേധിച്ചു. അസിയ തെറ്റുകാരിയല്ലെന്ന് പറഞ്ഞ രണ്ടു പാകിസ്താന് രാഷ്ട്രീയ നേതാക്കളെ തീവ്രവാദികള്‍ വധിച്ചു. എന്നാല്‍ താന്‍ പ്രവാചക നിന്ദ നടത്തിയിട്ടില്ലെന്ന അസിയ വാദം മുഖവിലയ്ക്കെടുത്താണ് സുപ്രീംകോടതി അസിയയെ മോചിതയാക്കിയത്.