ലണ്ടന്‍: ചെലവ് കുറഞ്ഞ രീതിയില്‍ വിവാഹാഘോഷങ്ങള്‍ നടത്താനുള്ള നീക്കവുമായി യുകെ സര്‍ക്കാര്‍. 180വര്‍ഷം പഴക്കമുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ടാണ് ഈ മാറ്റത്തിന് സര്‍ക്കാര്‍ തയ്യാറാകുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ വിവാഹാഘോഷങ്ങള്‍ വിലക്കികൊണ്ടുള്ള നിയമത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാരിന്റെ നീക്കം.
വിവാഹവേദി ബുക്ക് ചെയ്യാന്‍ വേണ്ടിവരുന്ന അധിക ചെലവ് ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഭീമമായ ചെലവ് താങ്ങാന്‍ കഴിയാത്തതുമൂലം നിരവധി ആളുകള്‍ വിവാഹിതരാകാന്‍ ആഗ്രഹിച്ചിട്ടും അത് വേണ്ടെന്ന് വയ്ക്കുന്നുണ്ടെന്നും നിലവിലുള്ള നിയന്ത്രണങ്ങളില്‍ അയവുവരുത്തുന്നതോടെ കൂടുതല്‍ ആളുകള്‍ക്ക് വിവാഹിതരാകാന്‍ കഴിയുമെന്നും ട്രഷറി വക്താവ് പറഞ്ഞു.
നിലവിലെ നിയമപ്രകാരം വിവാഹാഘോഷങ്ങള്‍ തുറസ്സായ സ്ഥലങ്ങളില്‍ നടത്താന്‍ അനുവാദമില്ല. വിവാഹത്തിന്റെ ഔദ്യോഗിക ചടങ്ങുകള്‍ രജിസ്റ്റേര്‍ഡ് ഓഫീസുകളിലോ പ്രാദേശിക അധികൃതര്‍ അനുവാദം നല്‍കിയിട്ടുള്ള ഇടങ്ങളിലോ മാത്രമേ നടത്താന്‍ അനുവാദിക്കൂ. ലൈസന്‍സ് ലഭിച്ചിട്ടുള്ള ഹോട്ടല്‍, പബ്, റെസ്റ്റോറന്റ് തുടങ്ങിയ ഇടങ്ങള്‍ വിവാഹത്തിനായി പ്രത്യേകം ഒരു മുറി മാറ്റിവയ്ക്കണമെന്നാണ് നിയമം.
ഇവിടെ ചടങ്ങുകള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പ് ഭക്ഷണമോ ലഹരി പദാര്‍ത്ഥങ്ങളോ അനുവദനീയവുമല്ല. ഇതുവരെ പാലിച്ചുപോന്നിരുന്ന ഈ നിയമത്തില്‍ ഭേദഗതി വരുത്തി കടല്‍ത്തീരം, പുല്‍ത്തകിടി, താത്കാലികമായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ എന്നിങ്ങനെ തുറസ്സായ സ്ഥലങ്ങളില്‍ ആഘോഷങ്ങള്‍ അനുവദിക്കാനാണ് നീക്കം. ഇതു സംബന്ധിച്ച് യുകെ ചാന്‍സിലര്‍ ഫിലിപ് ഹാമോണ്ട് തിങ്കളാഴ്ച ബജറ്റ് നിര്‍ദേശം സമര്‍പ്പിക്കും.