ഒരുമിച്ച് എട്ട് വര്‍ഷം കൂട്ടില്‍ കഴിഞ്ഞ ശേഷം പെണ്‍സിംഹം ആണ്‍സിംഹത്തെ കൊലപ്പെടുത്തി. യുഎസിലെ ന്ത്യാനാപോളിസ് മൃഗശാലയിലാണ് സംഭവമുണ്ടായത്. എന്നാല്‍ ആക്രമണത്തിനുള്ള കാരണം മൃഗശാല അധികൃതര്‍ക്ക് മനസിലായിട്ടില്ല. ഇരുവരും തമ്മിലുണ്ടായ ഏറ്റുമുട്ടത്തില്‍ കഴുത്തിന് ഗുരുതരമായി പരുക്കേറ്റാണ് ആണ് സിംഹം കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. കൂട്ടില്‍ നിന്ന് അസാധാരണമായ ഗര്‍ജനം കേട്ട് എത്തിയ ജീവനക്കാരാണ് 12 വയസുകാരിയായ പെണ്‍സിംഹം സൂരിയും 10വയസുകാരനായ ആണ്‍സിംഹം ന്യാക്കും തമ്മില്‍ ഏറ്റുമുട്ടുന്നത് കണ്ടത്.
ഇവരുടെ മൂന്ന് വയസുള്ള മകള്‍ ഈ സമയം കൂടിന് വെളിയിലെ മറ്റൊരു കൂട്ടിലായിരുന്നു. ഇരു സിംഹങ്ങളേയും വേര്‍പെടുത്താന്‍ ജീവനക്കാര്‍ ഒരുപാട് കഷ്ടപ്പെട്ടു. എന്നാല്‍ ന്യാക്കിന്റെ കഴുത്തില്‍ കടിച്ച് പിടിച്ച് ശ്വാസം മുട്ടിച്ച് സൂരി കൊല്ലുകയായിരുന്നു.
കഴിഞ്ഞ എട്ട് വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന സിംഹങ്ങള്‍ക്ക് 2015-ലാണ് മൂന്ന് കുട്ടികളുണ്ടായത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത് ഇതിന് മുന്‍പ് മൃഗശാല ജീവനക്കാര്‍ ഇതുവരെ കണ്ടിട്ടില്ല എന്നാണ് പത്രക്കുറിപ്പില്‍ പറയുന്നത്.
മരണം മൃഗശാലയിലെ ജീവനക്കാരെ ഞെട്ടിച്ചിരിക്കുകയാണ്. വളരെ വിരളമായി മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ പ്രകോപനത്തിന് നയിച്ച കാരണം വ്യക്തമായിട്ടില്ല എന്നാണ് അധികൃതര്‍ പറയുന്നത്.