വാഷിംഗ്ടണ്‍: സൗദിയുമായുള്ള ആയുധ കരാറില്‍ നിന്നും അമേരിക്ക പിന്മാറില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകം ന്യായീകരിക്കാന്‍ പറ്റില്ലെങ്കിലും അതിന്റെ പേരില്‍ സൗദിയുമായുള്ള ആയുധക്കരാറില്നിന്ന് പിന്മാറില്ലെന്ന് ട്രംപ് പറഞ്ഞു.
2017 മെയില്‍ സൗദി സന്ദര്‍ശിച്ചപ്പോഴാണ് ട്രംപ് സൗദിയുമായി പ്രതിരോധകരാറില് ഏര്‍പ്പെട്ടത്. 11,000 കോടി ഡോളറിന്റെ കരാറാണ് സൗദിയുമായി അമേരിക്കയ്ക്കുള്ളത്. ഖഷോഗിയുടെ കൊലപാതകത്തിലും അതുമായി ബന്ധപ്പെട്ട് സൗദി നടത്തുന്ന അന്വേഷണത്തിലും കടുത്ത വിയോജിപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. സൗദിയിലും തുര്‍ക്കിയിലും അമേരിക്കയുടെ ഉദ്യോഗസ്ഥ സംഘമുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഇവര്‍ ശേഖരിക്കുന്നതായും ട്രംപ് പറഞ്ഞു.