വാഷിങ്ടണ്‍: രണ്ട് കുപ്പി വെള്ളം മാത്രം നല്കിയ വ്യക്തി ഭക്ഷണശാലയിലെ വെയിറ്റര്‍ക്ക് ടിപ്പായി കൊടുത്തത് പതിനായിരം ഡോളര്‍, (ഏകദേശം 7,37,950 രൂപ). ഗ്രീന്‍വില്ലെയിലെ സപ് ഡോഗ്സ് എന്ന ഭക്ഷണശാലയിലെ ജീവനക്കാരിയായ അലൈന കസ്റ്റര്‍ ഞെട്ടലില്‍ നിന്ന് ഇതുവരെയും വിട്ടുമാറിയിട്ടില്ല. അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം.
‘മിസ്റ്റര്‍ ബീസ്റ്റ്’ എന്ന പേരില്‍ അറിയപ്പെടുന്ന യു ട്യൂബ് താരമാണ് അലിയാനയ്ക്ക് ടിപ്പ് നല്കി ഞെട്ടിച്ചത്. ‘സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി’ എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വച്ചിരുന്നത്. നൂറിന്റെ നോട്ടുകളുടെ ഒരു വലിയകെട്ടാണ് വച്ചിരുന്നതെന്നും ആരോ തന്നെ കളിപ്പിക്കുകയാണെന്നാണ് വിചാരിച്ചതെന്നും അലൈന പ്രതികരിച്ചു. യു ട്യൂബില്‍ 89ലക്ഷം സബ്സ്ക്രൈബര്മാരുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്. ടിപ്പ് കിട്ടിയതിനു ശേഷമുള്ള അലിയാനയുടെ ഭാവം ഫോട്ടോയില്‍ പകര്‍ത്താന്‍ രണ്ടുപേരെ മിസ്റ്റര്‍ ബീസ്റ്റ് ചുമതലപ്പെടുത്തിയിരുന്നു.
ശേഷം തിരികെയെത്തി അലിയാനയുടെയും സപ് ഡോഗ്സിലെ ജീവനക്കാരുടെയും സന്തോഷത്തില്‍ മിസ്റ്റര്‍ ബീസ്റ്റ് പങ്കുചേരുകയും ചെയ്തു. ഇത്രയും വലിയ തുക ടിപ്പായി ലഭിച്ചതില്‍ സന്തോഷമുണ്ട്. സപ് ഡോഗ്സില് ജോലി ചെയ്യുന്ന വലിയൊരു ശതമാനം പേരും കോളേജ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരാണ്. ഈ തുക എനിക്ക് വളരെ സഹായകരമാകുമെന്നാണ് കരുതുന്നത്. ഈ തുക ഞങ്ങളെല്ലാവരും ചേര്‍ന്ന് പങ്കുവച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് ഒരുപാടു പേര്‍ക്ക് ഗുണകരമാകും- അലൈന പറഞ്ഞു. അലൈന പണവുമായി നില്‍ക്കുന്നതിന്റെ ചിത്രം സപ് ഡോഗ്സ് അവരുടെ ഫെയ്സ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്.