മാനസികാരോഗ്യ രംഗത്ത് ഇന്ത്യ പിന്നിലെന്ന് ലോകാരോഗ്യ സംഘടന. വിഷാദ രോഗം, അമിത ഉത്കണ്ഠ, ബൈപോളര്‍ ഡിസോര്‍ഡര്‍ എന്നീ രോഗങ്ങള്‍ ഇന്ത്യയില്‍ കൂടുന്നു എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്. ഇന്ത്യയില്‍ വിഷാദ രോഗികള്‍ കൂടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍.
വിഷാദ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് തൊട്ട് പിന്നിലായ് ചൈനയും, അമേരിക്കയും ഉണ്ട്. 2015-2016 വര്‍ഷങ്ങളില്‍ നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് സര്‍വ്വേ (എന്‍എംഎച്ച്എസ്) പ്രകാരം ഇന്ത്യയില്‍ ആറില്‍ ഒരാള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് വേണ്ട ചികിത്സ നല്‍കണമെന്നാണ് പറയുന്നത്. കൗമാരക്കാരിലാണ് വിഷാദ രോഗം കൂടുതലായ് കണ്ടു വരുന്നത്.
നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ജനസംഖ്യയുടെ 6.5 ശതമാനം ആളുകള്‍ക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. കൃത്യമായ ചികിത്സയിലൂടെ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
എന്നാല്‍ വിവിധ കാംപെയിനുകള്‍ നടത്തിയിട്ടും വിഷാദ രോഗത്തെ തുടര്‍ന്ന് ഉണ്ടാകുന്ന ആത്മഹത്യയില്‍ കാര്യമായ കുറവ് വരുത്താനായിട്ടില്ലെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
മാനസിക രോഗത്തെ കുറിച്ച് തുറന്ന് പറയാന്‍ പലര്‍ക്കും മടിയാണ്. വിഷാദ രോഗിയായിരുന്നെന്ന് തുറന്ന് പറഞ്ഞ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ നേതൃത്വത്തിലുളള ദി ലിവ് ലവ് ലോഫ് ഫൗണ്ടേഷന്റെ (ടിഎല്എല്എഫ്) ആഭിമുഖ്യത്തില്‍ വിഷാദ രോഗത്തിന് എതിരെ ബോധവത്കരണങ്ങള്‍ നടത്തുന്നുണ്ട്.
ഇതിലൂടെ കൂടുതല്‍ സെലിബ്രറ്റികള്‍ തുറന്ന് പറയാന്‍ തയ്യാറാകുമെന്നും അതിലൂടെ മാനസിക ബുദ്ധിമുട്ടുകള്‍ തുറന്ന് പറയാനുള്ള ആളുകളുടെ മടി മാറുമെന്നും താന്‍ വിശ്വസിക്കുന്നെന്ന് ദീപിക പദുക്കോണ്‍ അഭിപ്രായപ്പെട്ടു.
ടിഎല്എല്എഫ് 2017-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ എട്ട് നഗരങ്ങളിലെ ആളുകള്‍ മാനസിക ബുദ്ധിമുട്ടുകള്‍ തുറന്ന് പറയുന്നതിന്റെ ആവശ്യം മനസ്സിലാക്കി എന്നാണ് അവകാശപ്പെടുന്നത്.