വാത്സല്യപൂര്‍വ്വം വീട്ടില്‍ വളര്‍ത്തിയ നായ, എലിയാണെന്ന തിരിച്ചറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് ഒരു യുവാവ്. ചൈനയിലാണ് രസകരമായ സംഭവം. തന്റെ അനുഭവത്തെക്കുറിച്ച് ചൈനയിലെ സമൂഹമാധ്യമത്തിലാണ് പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുവാവ് എഴുതിയിരിക്കുന്നത്.
അവധി ആഘോഷിക്കാനായി സുഹൃത്തിന്റെ വീട്ടില്‍ ചെന്നപ്പോഴാണ് യുവാവിന് ഈ വളര്‍ത്ത് ‘നായയെ’ കിട്ടുന്നത്. ചെറിയൊരു മലയുടെ താഴ്വാരത്തിലാണ് സുഹൃത്തിന്റെ വീട്. രാത്രിയില്‍ വീടിന്റെ വാതിലിന് മുമ്പിലാണ് കറുത്ത നിറമുള്ള ജീവിയെ കാണുന്നത്. നായ്കുട്ടിയാണെന്ന ധാരണയിലാണ് ഇയാള്‍ അതിനെ ഏറ്റെടുക്കുന്നത്.
വീട്ടിലെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോഴാണ് നായ തന്നെയാണോയെന്ന സംശയം തോന്നിയത്. നായയുടേത് പോലെ രോമം വളരാത്തതും വേഗതയില്‍ നീങ്ങാതിരുന്നു സംശയം വര്‍ധിപ്പിച്ചു. സംശയനിവാരണത്തിനായി ചിത്രം സഹിതം സമൂഹമാധ്യമത്തിലിട്ടതോടെയാണ് താന്‍ വളര്‍ത്തുന്നത് മുള എലിയെയാണെന്ന് തിരിച്ചറിഞ്ഞത്.
നായയല്ല എന്ന് അറിഞ്ഞതോടെ ഇതിനെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണിയാള്. ഇതിന് മുമ്പും വളര്‍ത്തുനായയെന്ന് കരുതി വളര്‍ത്തിയത് കരടിയാണെന്നറിഞ്ഞ സംഭവവും ചൈനയില്‍ നടന്നിട്ടുണ്ട്.