എഡിന്‍ബര്‍ഗ്: ജയിലിലെ തടവുകാരനോട് തോന്നിയ പ്രണയത്തില്‍ ജോലി രാജിവെച്ച് യുവതി. യുവാവിനൊപ്പം അവധി ആഘോഷിക്കാന്‍ വേണ്ടിയാണ് ജോലി പുഷ്പം പോലെ വലിച്ചെറിഞ്ഞത്. സ്കോട്ട്ലന്‍ഡില്‍ ലോതിയാനിലെ ആഡിവെല് ജയിലിലെ വാര്‍ഡനായിരുന്ന ക്രിസ്റ്റി ഡേവിഡ്സണ് എന്ന ഇരുപത്തിനാലുകാരിയാണ് തടവുകാരനു വേണ്ടി ജോലി രാജിവെച്ചത്.
മുപ്പത്തൊന്നുകാരനാണ് ക്രിസ്റ്റിയുടെ കാമുകന്. തുര്‍ക്കിയില്‍ വച്ച് ഇരുവരെയും മറ്റൊരു ജയില്‍ ജീവനക്കാരന് കണ്ടുമുട്ടിയതോടെയാണ് പ്രണയം അധികൃതരുടെ ശ്രദ്ധിയില്‍പ്പെട്ടത്. കാമുകന് ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കുള്ളിലാണ് ക്രിസ്റ്റി ജോലിയില്‍ നിന്നും രാജിവെച്ചത്. ആദ്യം ഇവര്‍ കാരണം പുറത്തു വിട്ടിരുന്നില്ല. വ്യക്തിപരമായ കാര്യങ്ങളാല്‍ രാജിവയ്ക്കുന്നു എന്നു മാത്രമാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്.
ബന്ധം പരസ്യമായതിനു പിന്നാലെ കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളെന്ന തലക്കെട്ടോടെയാണ് ക്രിസ്റ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സംഭവം പുറത്തറിഞ്ഞതോടെ കാമുകന് വഴിവിട്ട സഹായം ചെയ്തു എന്ന സംശയത്തില്‍ ക്രിസ്റ്റിക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ആരെ പ്രേമിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്നുമാണ് ക്രിസ്റ്റി പറയുന്നത്.