ന്യൂഡല്‍ഹി: ഇന്റര്‍പോളിന് പുതിയ തലവന്‍. താല്‍ക്കാലിക പ്രസിഡന്റായി തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനെ നിയമിച്ചു. നിലവിലെ ഇന്റര്‍പോള്‍ തലവന്‍ മെഹോങ് വെയിനെ ചൈന കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന കേസിലാണ് മെ ഹോങ് വെയ്ന്‍ അന്വേഷണം നേരിടുന്നത്. എന്താണ് കേസിന്റെ വിശദാംശങ്ങളെന്ന് ഇതുവരെ ചൈന പുറത്തുവിട്ടിട്ടില്ല. ചൈനീസ് പൗരനായ മെ ഹോങ് വെയ്ന്‍ പോലീസിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ഏറെ നാള് പ്രവര്‍ത്തിച്ചിരുന്നു.
പൊതുസുരക്ഷാ ചുമതലയുള്ള സഹമന്ത്രിയായും പ്രവര്‍ത്തിച്ചു. പിന്നീടാണ് ഇന്റര്‍പോളിന്റെ തലപ്പത്തേക്ക് വരുന്നത്. ഈ കാലത്തെ ഇടപാടുകളാണ് അന്വേഷിക്കുന്നതെന്നാണ് സൂചന. ഇതിനിടെ പ്രസിഡന്റിന്റെ രാജി അടിയന്തരമായി സ്വീകരിച്ചെന്ന് ഇന്റര്‍പോള്‍ അറിയിച്ചു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള ഇന്റര്‍പോളിലെ സീനിയര്‍ വൈസ് പ്രസിഡന്റ് കിം ജോങ് യാങിനാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.
ദുബായില്‍ അടുത്ത മാസം നടക്കുന്ന ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും. കഴിഞ്ഞയാഴ്ചയാണ് ഫ്രാന്‍സില്‍ നിന്നും മെ ഹോങ് വെയ്ന്‍ ചൈനയിലേക്ക് പോയത്. കാണാതായെന്ന് കാണിച്ച് മെയുടെ ഭാര്യ നല്കിയ പരാതിയില്‍ ഫ്രഞ്ച് പോലീസും അന്വേഷണം തുടരുകയാണ്. മെയുടെ ഭാര്യയ്ക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാരണം വ്യക്തമാക്കാതെ ഇന്റര്‍പോള്‍ തലവനെ കസ്റ്റഡിയിലെടുത്തതിന് വരും നാളുകളില്‍ ചൈന അന്താരാഷ്ട്ര സമ്മര്‍ദ്ധം നേരിടുമെന്ന് ഉറപ്പാണ്.