റിയാദ്: പൊതുരംഗങ്ങളിലേക്കുള്ള സ്ത്രീ ഉന്നമനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയാണ് സൗദി അറേബ്യ. ഫുട്ബോള്‍ ഫെഡറേഷന് (എസ്എഎഫ്എഫ്) ബോര്‍ഡില്‍ ആദ്യമായി വനിത അംഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സൗദി. അദ്വ അല്‍ അരിഫിയും റെഹം അല്‍ ഒനെയ്സാനുമാണ് ബോര്‍ഡിലെ വനിത അംഗങ്ങള്‍.
ഏഴംഗ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിളിറ്റി കമ്മിറ്റി അംഗമായിരുന്ന അദ്വ അല്‍ അരിഫി ബിസിനസ് അഡ്മിനിസ്ട്രേഷന് ബിരുദധാരിയാണ്. സൗദി ജനറല്‍ എന്റര്ടെയ്ന്മെന്റ് അതോറിറ്റിയില്‍ കോര്‍പ്പറേറ്റ് പെര്‍ഫോമന്‍സ് ആന്‍ഡ് ഇനീഷ്യേറ്റീവ് മാനേജ്മെന്റ് സീനിയര്‍ മാനേജര്‍ ആയിരുന്നു റെഹം. സല്മാന് രാജകുമാരന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പരിഷ്കരണ നടപടികളുടേയും സ്ത്രീകളെ വിലക്കുകള്‍ നീക്കി കൂടുതലായി പൊതുരംഗത്തേയ്ക്ക് കൊണ്ടുവരുന്നതിന്റേയും ഭാഗമാണിത്.
കഴിഞ്ഞ ജനുവരിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി ഫുട്ബോള്‍ സ്റ്റേഡിയങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നു. സൗദി ഫുട്ബോള്‍ ടീം ലോകകപ്പില്‍ മത്സരിച്ചിട്ടുണ്ടെങ്കിലും ആഗോള ഫുട്ബോള്‍ ഭരണ രംഗത്ത് സൗദി വളരെ ദുര്‍ബല സാന്നിദ്ധ്യമാണ്. ബദ്ധവൈരിയും സൗദി ഒറ്റപ്പെടുത്താന്‍ നീക്കം തുടരുന്ന രാജ്യവുമായ ഖത്തര്‍ 2022ല്‍ ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നു. ഈ സാഹചര്യത്തില്‍ ഫുട്ബോള്‍ ഭരണരംഗത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് സൗദിയുടെ നീക്കം