കറാച്ചി: ആരെയും ഞെട്ടിച്ച് പാകിസ്താനി തെരുവോര കച്ചവടക്കാരന്റെ അക്കൗണ്ടില്‍ എത്തിയത് 133കോടി രൂപ. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതോടെ ഉറവിടവും കണ്ടെത്തി. പാകിസ്താനിലെ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്ദാരിലേയ്ക്കാണ് അന്വേഷണം എത്തിച്ചേര്‍ന്നത്. 3500 കോടിയുടെ ഒരു വന്‍ കുംഭകോണത്തിന്റെ അന്വേഷണത്തില്‍ തെളിയുന്നത്.
ഒറാങ്ങി നഗരത്തിലെ അബ്ദുല്ഖ്വാദിര് എന്ന കച്ചവടക്കാരനാണ് അറിയാതെ കോടീശ്വരനായത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റിംങ് ഏജന്‍സിയുടെ കത്ത് വന്നപ്പോഴാണ് ഇയാള്‍ താന്‍ സമ്പന്നനായത് അറിഞ്ഞത്. കോടികളുണ്ടായിട്ടും നിത്യവൃത്തിക്ക് ബുദ്ധമുട്ടുന്ന ലോകത്തെ ഏറ്റവും നിര്‍ഭാഗ്യവാനായ കോടീശ്വരനാണ് താനെന്ന് ഖ്വാദിര്‍ പറഞ്ഞു. പാകിസ്താന് പീപ്പിള്‍ പാര്‍ട്ടി കോ-ചെയര്മാന്് സര്‍ദാരി, സഹോദരി ഫര്യാല് തല്‍പൂര്‍ എന്നിവരുള്‍പ്പെട്ട കുംഭകോണം സിന്ധിന്റെ ചരിത്രത്തിലെ ഏറ്റവും വലിയതാണ്.
ഖ്വാദിറിനെപ്പോലെ നൂറുകണക്കിന് ആള്‍ക്കാര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ വന്‍തുക നിക്ഷേപമുണ്ടെന്ന് അറിയില്ല. പാവപ്പെട്ട തെരുവുകച്ചവടക്കാരും തൊഴിലാളികളുമാണ് ഇത്തരം അക്കൗണ്ടുകളുടെ ഉടമകള്‍. 500ല്‍ ഏറെ ഇത്തരം അക്കൗണ്ടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സംഘമാണ് 3500 കോടിരൂപയുടെ തട്ടിപ്പുകേസ് അന്വേഷിക്കുന്നത്.