ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിനെ തകര്‍ത്തെറിഞ്ഞ ഭൂകമ്പം ലോകത്തിന്റെ കണ്ണീരാവുകയാണ്. ഭൂകമ്പത്തിലും സുനാമിയിലും ആയിരത്തോളം പേര്‍ക്കാണ് ജീവന് നഷ്ടമായത്. എന്നാല്‍, മറ്റുള്ളവരുടെ ജീവന് രക്ഷിക്കാന്‍ സ്വയം ബലിനല്‍കിയ ഇരുപത്തിയൊന്നുകാരനായ എയര്‍ ട്രാഫിക്ക് കണ്ട്രോളര് അന്റോണിയസ് ഗുനാവന്‍ ഈ ഭൂകമ്പക്കാലത്ത് ഇന്തോനേഷ്യയിലെ യഥാര്‍ത്ഥ ഹീറോ.
കാരണം ഭൂകമ്പം എല്ലാം തകര്‍ത്ത് സംഹാര താണ്ഡവമാടുമ്പോഴും സ്വന്തം ജീവന് പോലും ബലിനല്‍കി അന്തോണിയസ് രക്ഷിച്ചത് ഒരു വിമാനത്തിലെ യാത്രക്കാരുടെ ജീവിതങ്ങളാണ്. സുലാവെസിയിലെ മുത്യാര വിമാനത്താവളത്തിലെ കണ്ട്രോള് ടവറില്‍ അന്റോണിയസ് ഗുനാവന്‍ അവസാന വിമാനവും സുരക്ഷിതമായി പറന്നുപൊങ്ങുന്നതും കാത്ത്.
പാലു ഭൂകമ്പത്തില്‍ പ്രകമ്പനം കൊള്ളുമ്പോള്‍ വിമാനത്താവളത്തിലെ കണ്ട്രോള് ടവറില്‍ അന്റോണിയസിനായിരുന്നു ചുമതല. കൂടെയുണ്ടായിരുന്നവരെല്ലാം ഓടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. എന്നാല്‍, ഒരു വിമാനം കൂടി ടേക്ക് ഓഫിന് ഒരുങ്ങിനില്ക്കുന്നത് കണ്ട അന്റോണിയസ് അവിടെത്തന്നെയിരുന്നു. വിമാനത്തിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്കി. വിമാനം റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്നപ്പോഴേക്കും വിമാനത്താവളം ഭൂകമ്പത്തില്‍ തകരാന്‍ തുടങ്ങിയിരുന്നു.
വിമാനം സുരക്ഷിതമായി പറന്നുയര്‍ന്നു എന്ന് ഉറപ്പാക്കിയതിന് ശേഷമാണ് അന്റോണിയസ് സ്വന്തം ജീവനെ കുറിച്ച് ചിന്തിച്ചത്. പക്ഷെ, അപ്പോഴേക്കും സമയം വൈകിയിരുന്നു. തകര്‍ന്നു തുടങ്ങിയ നാലു നില ടവറില്‍ നിന്നും അയാള്‍ താഴേക്ക് ചാടി, രക്ഷപ്പെടാനുള്ള അവസാന ശ്രമമെന്നോണം.
നിലത്ത് പതിച്ച അന്റോണിയസിന് ഗുരുതരമായ പരിക്കേറ്റു. രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സക്ക് ഹെലികോപ്റ്ററില്‍ കൊണ്ടുപോകാന്‍ ഒരുങ്ങവെ അന്റോണിയസ് വിടപറഞ്ഞു. ഒരുപാട് പേര്‍ക്ക് വേണ്ടി തന്റെ ജീവന് ബലിനല്കിക്കൊണ്ട്.
മരണാനന്തരം ഉയര്‍ന്ന പദവി നല്കി അധികൃതര്‍ അന്റോണിയസിനെ ആദരിച്ചു. ഇന്തോനേഷ്യക്കാരുടെ മരിക്കാത്ത ഓര്‍മ്മകളില്‍ അന്റോണിയസ് ജീവിക്കുകയാണ് അനശ്വരനായ ഹീറോയായി.
Telah wafat saat menjalankan tugasnya sebagai personel layanan navigasi penerbangan, Saudara Anthonius Gunawan Agung, Air Traffic Controller (ATC) AirNav Indonesia Cabang Palu pada Sabtu (29/09).#RIPAgung #DoaUntukSulteng#PrayforDonggala #PrayforPalu pic.twitter.com/6Wpobp3R7m
— AirNav Indonesia (@AirNav_Official) 29 September 2018