കഗോഷിമ: തെക്കന്‍ ദ്വീപുകളില്‍ വന്‍ നാശം വിതച്ച ‘ട്രാമി’ ചുഴലിക്കാറ്റ് ജപ്പാന്റെ പ്രധാന മേഖലകളിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്. ട്രാമിക്കൊപ്പം കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാവാമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ സൂചന നല്കുന്നു. ജനങ്ങള്‍ക്കു കനത്ത ജാഗ്രതാനിര്‍ദേശവുമുണ്ട്.
യക്കുഷിമ ദ്വീപില്‍ അരനൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയാണിപ്പോള്‍. കടല്‍ത്തിരമാലകളുടെ ഉയരവും കാറ്റിന്റെ വേഗവും റെക്കോര്‍ഡാകുമെന്നാണ് ജപ്പാനില്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്റെ ഗതാഗത സംവിധാനത്തെ ഇതിനോടകം ‘ട്രാമി’ ബാധിച്ചു കഴിഞ്ഞു. പ്രധാന വിമാനത്താവളം അടച്ചതോടെ കുറഞ്ഞത് ആയിരം വിമാന സര്‍വീസുകളെയെങ്കിലും ബാധിച്ചു. ജപ്പാന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ബുള്ളറ്റ് ട്രെയിനുകളും സര്‍വീസ് നടത്തുന്നില്ല.
ഒക്കിനാവയിലുണ്ടായ ചുഴലിക്കാറ്റില്‍ 45 പേര്‍ക്കെങ്കിലും പരുക്കേറ്റിട്ടുണ്ട്. ഒരാള്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. 3.49 ലക്ഷം പേരോടു വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്കു നീങ്ങാനും നിര്‍ദേശിച്ചു. മൂന്നു ലക്ഷം വീടുകളില്‍ നിലവില്‍ വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ഞായറാഴ്ചയോടെ ജപ്പാന്റെ പ്രധാന തീരത്ത് ‘ട്രാമി’ ആഞ്ഞടിക്കുമെന്നാണു മുന്നറിയിപ്പ്.