ബീജിംഗ്: 130 അടി ഉയരത്തിലെ ആകാശതൊട്ടിലില്‍ നിന്നും അഞ്ചുവയസുകാരന് അത്ഭുത രക്ഷപ്പെടല്‍. ഉയര്‍ന്ന് പൊങ്ങിയ ആകാശത്തൊട്ടിലിലെ വാതില്‍ തുറന്ന് വീഴാറായ കുഞ്ഞ്, ശ്വാസം നിലച്ചു പോയ നിമിഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.
ചൈനയിലെ ഹെജിയാംഗ് പ്രവശ്യയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിലാണ് ഈ നടുക്കുന്ന സംഭവം. മാതപിതാക്കള്‍ക്കൊപ്പമാണ് അഞ്ചുവയസുകാരന് പാര്‍ക്കിലെത്തിയത്. ആകാശത്തൊട്ടിലില്‍ കയറണമെന്ന മകന്റ വാശിയ്ക്ക് മുന്നില്‍ ഒടുവില്‍ അമ്മ സമ്മതം മൂളി. എന്നാല്‍ പൂര്ണസുരക്ഷിതമാണെന്ന് അധികൃതരുടെ വാക്ക് വിശ്വസിച്ച് അമ്മ തനിച്ചാണ് മകനെ ആകാശത്തൊട്ടിലില്‍ കയറ്റിയത്.
ആകാശത്തൊട്ടില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതും കുട്ടി ഇരുന്ന തൊട്ടിലിന്റെ വാതില്‍ തുറക്കുകയായിരുന്നു. അതിലൂടെ കുട്ടി താഴെയ്ക്ക് പോവുകയായിരുന്നു. കണ്ട് നിന്നവരെല്ലാം ബഹളം വച്ചതോടെ സമീപത്തുണ്ടായിരുന്നവരും ഓടിക്കൂടി. പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് അവന് ആകാശത്തൊട്ടിലില്‍ തന്നെ കുടുങ്ങിക്കിടന്നു.
വാതിലിന്റെ കമ്പിയില്‍ കുഞ്ഞിന്റെ വസ്ത്രം കുടുങ്ങയതോടെ അവന് തൊട്ടിലില്‍ കുടുങ്ങിക്കിടന്നു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് പുറത്തുവന്നു. 130 അടിയ്ക്ക് മുകളില്‍ വച്ചാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. പിന്നീട് തൊട്ടിലിന്റെ വേഗത കുറച്ച് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.