ദമാസ്കസ്: സിറിയന്‍ തലസ്ഥാനനഗരത്തിലെ ജനവാസ മേഖല ലക്ഷ്യമാക്കി ഇസ്രയേലി മിസൈല്‍ ആക്രമണം. ഡമാസ്കസ് വിമാനത്താവളമേഖലയിലേക്കെത്തിയ ഇസ്രയേല്‍ മിസൈലുകള്‍ സൈന്യം തകര്‍ത്തെന്ന് സിറിയന്‍ വാര്‍ത്താഏജന്‍സി വെളിപ്പെടുത്തി. സിറിയന്‍ സമയം ശനിയാഴ്ച രാത്രിയിലാണ് സംഭവം.
സിറിയന്‍ ജനവാസമേഖലകളിലേക്കുള്ള ഇസ്രയേലി കടന്നാക്രമണം മാസങ്ങളായി തുടരുകയാണ്. ഇറാനില്‍നിന്ന് സിറിയയിലേക്ക് ആയുധമെത്തുന്നത് തടയാനെന്ന പേരില്‍ ഈമാസംമാത്രം ഇരുനൂറിലേറേ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ മിസൈല്‍വര്‍ഷം നടത്തിയിട്ടുണ്ട്. ഐഎസ് ഭീകരരെ ചെറുക്കാന്‍ ഇറാനും സിറിയയും ആയുധസഹകരണകരാറില് ഏര്‍പ്പെട്ടതിനു പിന്നാലെയാണ് ആക്രമണം രൂക്ഷമായത്. മിസൈല്‍ പാഞ്ഞുവരുന്നതിന്റെ ദൃശ്യം സനാ വാര്‍ത്ത ഏജന്‍സി പുറത്തു വിട്ടു.