ന്യൂയോര്‍ക്ക്:ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ടുകളേക്കാള്‍ ഗുരുതരമാം വിധം വര്‍ദ്ധിച്ചിരിക്കുകയാണ്. ലോകത്തില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളില്‍ ഓരോ പത്തുപേരിലും നാലുപേര്‍ ഇന്ത്യക്കാരാണെന്ന് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനം പറയുന്നു. 1990ല്‍ 25.3 ശതമാനമായിരുന്നു ആഗോള ആത്മഹത്യാനിരക്കിലേക്ക് ഇന്ത്യയുടെ ‘സംഭാവന’. ഇത് 2016 ആയപ്പോഴേക്ക് 36.6 ശതമാനമായി ഉയര്‍ന്നു. ലോക ജനസംഖ്യയുടെ 17.8 ശതമാനമാണ് ഇന്ത്യയുടെ ജനസംഖ്യാനിരക്ക്.
അതായത് 130 കോടി ജനങ്ങള്‍. എന്നാല്‍, 2016ല്‍ ലോകത്തില്‍ ആകെയുണ്ടായ 2,57,624 സ്ത്രീ ആത്മഹത്യകളില്‍ 94,380 എണ്ണവും (അതായത് 36.6%) ഇന്ത്യയിലാണ് സംഭവിച്ചത്. രാജ്യത്തെ പൊതുജനാരോഗ്യം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ശാരീരികവും മാനസികവുമായ ആരോഗ്യക്കുറവ് ആത്മഹത്യകളിലേക്ക് മനുഷ്യരെ നയിക്കുന്നു.
സ്ത്രീകളുടെ കാര്യത്തില്‍ ഭരണകൂടത്തിന്റെ അങ്ങേയറ്റത്തെ അശ്രദ്ധയാണ് അവര്‍ക്കിടയില്‍ ആത്മഹത്യകള്‍ കൂടാന്‍ കാരണമെന്നും പഠനം സൂചിപ്പിക്കുന്നു. 40 വയസ്സിനു താഴെയുള്ളവരാണ് കൂടുതലും ആത്മഹത്യ ചെയ്യുന്നത്. ഇന്ത്യയിലെ ആത്മഹത്യാമരണങ്ങളും അവയുടെ ലിംഗപരമായ സൂചനകളും എന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍.