വാഷിംങ്ടണ്‍: പതിനഞ്ചു മിനിറ്റു നേരത്തെ സംസാരം കൊണ്ട് ആത്മഹത്യാ വക്കില്‍ നിന്നും പിടിച്ചു കയറ്റിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്കി യുവാവ്. മരണമുഖത്തു നിന്നും ജീവിതത്തിലേയ്ക്ക് കരകയറ്റിയ ബെക്കി മില്ല്യാര്‍ഡ് എന്ന ഉദ്യോഗസ്ഥയെ തേടി പോലീസ് സ്റ്റേഷനിലെത്തിയാണ് യുവാവ് സമ്മാനം കൈമാറിയത്. ബ്രട്ടനിലെ വാറിങ്ടണ്ണിലാണ് സംഭവം.
പാലത്തിനു മുകളില്‍ കയറി ജീവനൊടുക്കാന്‍ യുവാവ് ശ്രമിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. പാലത്തിന്റെ മുകളില്‍ കയറി നില്ക്കുന്ന യുവാവിനെ പലതരത്തിലും ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെങ്കിലും യുവാവ് താഴെയിറങ്ങാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ബെക്കി അയാളോട് തുടരെ സംസാരിച്ചുകൊണ്ടേയിരുന്നു. തിരിച്ചു സംസാരിക്കാന്‍ യുവാവ് കൂട്ടാക്കിയില്ലെങ്കിലും ബെക്കി സംസാരം നിര്‍ത്തിയില്ല.
ഒടുവില്‍ ഇയാള്‍ ബെക്കിയോട് മനസു തുറന്നു. പതിനഞ്ചു മിനിട്ടുകളോളം ഇയാള്‍ ബെക്കിയോട് സംസാരിച്ചു. എന്നാല്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങളൊന്നുമല്ല ഇതെന്ന് ബെക്കി അയാളെ പറഞ്ഞ് മനസിലാക്കി. ഒടുവില്‍ യുവാവ് പാലത്തിന് മുകളില്‍ നിന്നും താഴെയിറങ്ങി, തന്റെ കാറില്‍ കയറി മടങ്ങി. എന്നാല്‍ അടുത്ത ദിവസം ഇയാള്‍ ബെക്കിയെ അന്വേഷിച്ച് പോലീസ് സ്റ്റേഷനിലെത്തുകയാിരുന്നു.
കൈ നിറയെ പൂക്കളുമായാണ് അയാളെത്തിയത്. തന്റെ ജീവന് രക്ഷിച്ച പോലീസുദ്യോഗസ്ഥയ്ക്ക് സമ്മാനിക്കാനായിരുന്നു ആ പൂക്കള്‍. യുവാവിന്റെ പ്രവൃത്തിയില്‍ ബെക്കി ശരിക്കും അത്ഭുതപ്പെട്ടു. വാറിങ്ടണ്‍ പോലീസാണ് ബെക്കി പൂക്കളുമായി നില്ക്കുന്ന ഫോട്ടോയും സംഭവവും ട്വറ്ററിലൂടെ പുറത്തുവിട്ടത്. ബെക്കിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി.