വിസ്കോണ്‍സിന്‍: മതവിശ്വാസത്തിന്റെ ഭാഗമായി മാതാപിതാക്കളും 15ഉം 11 ഉം വയസായ രണ്ടു കുട്ടികളും നാല്പതു ദിവസത്തിലധികം ഉപവാസം അനുഷ്ഠിച്ചതിനെത്തുടര്ന്നു 15 വയസുകാരന് മരിക്കാനിടയായ സാഹചര്യത്തില്‍ മാതാപിതാക്കളെ അറസ്റ്റു ചെയ്തു കേസ് എടുത്തതായി റീഡ്ബര്‍ഗ് പോലീസ് അറിയിച്ചു. ജൂലൈ 19 മുതലാണ് ഈ കുടുംബം ഭക്ഷണവും പാനീയവും ഉപേക്ഷിച്ച് ഉപവാസം ആരംഭിച്ചതെന്ന് പിതാവ് കെഹിന്‍ഡി ഒമോസ്ബി പറഞ്ഞു.
സെപ്റ്റംബര്‍ രണ്ടിന് പിതാവ് റീഡ്ബര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി മകന്റെ മരണവിവരം അറിയിച്ചു. ഉടന്‍ പോലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ അവശനിലയിലായ ഭാര്യയേയും 11 വയസുള്ള കുട്ടിയേയും മലിനമായ ചുറ്റുപാടില്‍ കണ്ടെത്തി.
ഉടനെ ഇരുവരേയും മാഡിസനിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റി. എന്നെ സഹായിക്കണം ഭക്ഷണമില്ലാതെ എനിക്ക് ജീവിക്കാനാവില്ല എന്നു എഴുതിയ 15 കാരന്റെ കത്ത് പോലീസ് വീട്ടില്‍നിന്നും കണ്ടെടുത്തു.
മാതാപിതാക്കള്‍ക്കൊപ്പം കുട്ടികളെ നിര്‍ബന്ധിപ്പിച്ച് ഉപവാസം അനുഷ്ടിക്കുന്നതിന് പ്രേരിപ്പിച്ചതാണോ എന്നു അന്വേഷിച്ചുവരുന്നു. അതേസമയം മാതാപിതാക്കള്‍ പറയുന്നത് ദൈവേഷ്ടം പ്രാപിക്കുന്നതിനുവേണ്ടിയാണ് ഉപവസിച്ചതെന്നാണ്.