സോള്‍: പ്രമുഖ സ്മാര്‍ട്ഫോണ്‍, മെമ്മറി ചിപ്പ് നിര്‍മ്മാണ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് ചിപ്പ് പ്ലാന്റില്‍ വാതക ചോര്‍ച്ചയില്‍ ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകമാണ് ചോര്‍ന്നതെന്ന് സാംസങ് വ്യക്തമാക്കി. ദക്ഷിണാ കൊറിയയിലെ സുവോണിലെ ഫാക്ടറിയിലാണ് സംഭവം. ഫാക്ടറിയുടെ ബേസ്മെന്റിലെ മൂന്നു പേരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും 24കാരനായ തൊഴിലാളി മരണമടഞ്ഞു. 26, 54 വയസ്സുള്ള രണ്ടുപേരാണ് ചികിത്സയിലുള്ളത്.
സാംസങിലെ ജീവനക്കാരായ ഇവര്‍ വാതകവുമായി ബന്ധപ്പെട്ട വിഭാഗത്തിലെ പരിശോധകരാണ്. കാര്‍ബണ്‍ ഡൈഓക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സാംസങ് അറിയിച്ചു. ദക്ഷിണ കൊറിയയിലെ പല ഫാക്ടറികളും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നും അത് പലപ്പോഴും അപകടങ്ങള്‍ വരുത്തിവയ്ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.