അമേരിക്ക: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ കാര്‍ബണ്‍ ഡയോക്സൈഡിനെ വിവിധ ഉപയോഗങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള വഴി കണ്ടെത്താന്‍ ‘സിഒ2 കണ്‍വേര്‍ഷന്‍ ചലഞ്ച്’ എന്ന പേരില്‍ മത്സരവുമായി എത്തിയിരിക്കുകയാണ്. ചൊവ്വാഗ്രഹത്തില്‍ സമൃദ്ധമായ കാര്‍ബണ്‍ഡയോക്സൈഡ് മറ്റ് ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താവുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുക എന്നതാണ് വെല്ലുവിളി. കാര്‍ബണ്‍ അന്നജം ഉള്‍പ്പടെ വിവിധ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറുണ്ട്. കാര്‍ബണ്‍ ഉല്പാദനത്തിനുള്ള പ്രധാന ഉറവിടമായി കാര്‍ബണ്‍ ഡയോക്സൈഡിനെ ഉപയോഗിക്കാനുള്ള വഴി കണ്ടെത്തനാണ് നാസ ആവശ്യപ്പെടുന്നത്.
നാസ കണക്കുകൂട്ടുന്നത് ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭൂമിയിലെ കാര്ബണ്ഡയോക്സൈഡിനെ വരുതിയിലാക്കി ആഗോളതാപനം കുറയ്ക്കാന്‍ വഴി തെളിയിക്കാമെന്നാണ്. മറ്റൊരു ഗ്രഹത്തില്‍ മനുഷ്യവാസം സാധ്യമാക്കണമെങ്കില്‍ ആവശ്യമായവ എല്ലാം അവിടേക്കെത്തിക്കുക അസാധ്യമാണ്. അതുകൊണ്ട് അവിടുള്ള നിരവധി വിഭവങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തേണ്ടതായി വരും. അതിനായി നമ്മള് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ടതായി വരുംമെന്ന് നാസ സെന്റിനിയല്‍ ചലഞ്ച് പ്രോഗ്രാം ഡയറക്ടര്‍ മോന്‍സി റോമന്‍ പറഞ്ഞു. കാര്‍ബണ്‍ പോലുള്ള വിഭവങ്ങള്‍ പ്രയോജനപ്പെടുത്താനും വിവിധങ്ങളായ ഉല്‍പ്പന്നങ്ങളായി അവയെ പരിവര്‍ത്തനം ചെയ്യാനും നമുക്ക് സാധിച്ചാല്‍ ബഹിരാകാശത്തും ഭൂമിയിലുമെല്ലാം അനന്തസാധ്യതകളാണ് അതുവഴിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഈ വെല്ലുവിളി വ്യക്തികള്‍ക്കും, സംഘങ്ങള്‍ക്കും, സംഘടനകള്‍ക്കും ഏറ്റെടുക്കാം. മത്സരത്തിന് രണ്ട് ഘട്ടമാണ് ഉള്ളത്. നാസ ഞായറാഴ്ച പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കിയത് വെല്ലുവിളിയില്‍ വിജയിക്കുന്നവര്‍ക്ക് പത്ത് ലക്ഷം ഡോളര്‍ വരെ സമ്മാനമായി ലഭിക്കുമെന്നാണ്. ആദ്യ ഘട്ടം വെല്ലുവിളിയ്ക്കുള്ള ആശയം അവതരിപ്പിക്കുകയാണ.് തിരഞ്ഞെടുക്കുന്ന അഞ്ച് ആശയങ്ങള്‍ക്ക് 50,000 ഡോളര്‍ വീതം ലഭിക്കും. ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി കാണിക്കുകയും പ്രവര്‍ത്തനമാതൃക കാണിച്ചുകൊടുക്കുകയുമാണ് രണ്ടാം ഘട്ടത്തില്‍ വേണ്ടത്. അങ്ങനെ ചെയ്താല്‍ സമ്മാനമായി ലഭിക്കുന്നത് 750,000 ഡോളറാണ്.