വയനാട്: മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് കൈതാങ്ങായി സിപിഎം. മരണപ്പെട്ട മംഗലശേരി റസാഖ് – സീനത്ത് ദമ്പതികളുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് സിപി എം ഏറ്റെടുക്കും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പികെ ശ്രീമതി എംപി, ജില്ലാ സെക്രട്ടറി പി ഗഗാറിന് എന്നിവര്‍ മക്കിമലയില്‍ ദുരിതാശ്വാസ ക്യാമ്പിലെത്തി കുട്ടികളെ കണ്ടാണ് ഈ വിവരം അറിയിച്ചത്.
മക്കളായ മുഹമ്മദ് റജിമല്, മുഹമ്മദ് റജിനാസ്, മുഹമ്മദ് റിഷാല്‍ എന്നിവരുടെ പഠനച്ചെലവാണ് പാര്‍ട്ടി വഹിക്കുക. റജ്മല് പ്ലസ് വണ്ണിനും, റജിനാസ് പത്തിലും, റിഷാല്‍ ആറിലുമാണ് പഠിക്കുന്നത്. നേതാക്കള്‍ കുട്ടികളെയും ദുരിതാശ്വാസ ക്യാമ്പിലുള്ള ഇവരുടെ ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു മക്കിമലയില്‍ ഉരുള്‍പൊട്ടിയത്. മംഗലശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കളും രക്ഷപ്പെട്ടു. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. പ്രദേശത്ത് മണ്ണിടിയല്‍ സാധ്യത കണക്കിലെടുത്ത് മറ്റുകുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.
റസാഖിന്റെ വീടിന്റെ പുറക് ഭാഗത്തായുള്ള മരുതൂര്കുന്നിലാണ് ഉരുള്‍പൊട്ടലുണ്ടായത്. റസാഖും ഭാര്യയും ഉറങ്ങിക്കിടന്ന മുറിയുടെ ഭാഗത്തേക്കാണ് കല്ലും മണ്ണും പതിച്ചത്. ശബ്ദംകേട്ട് മക്കള്‍ ഉണര്‍ന്നപ്പോള്‍ വീട് തകരുന്നതാണ് കണ്ടത്. ഇവര്‍ പുറത്ത് കടന്ന് ഉപ്പയേയും ഉമ്മയേയും വിളിക്കുമ്പോഴേക്കും അവര്‍ മണ്ണിനടിയില്‍പ്പെട്ടിരുന്നു. വീട് കൂടുതല്‍ തകരുമ്പോഴേക്കും മക്കളായ റജ്മല്, റജിനാസ്, റിഷാല്‍ എന്നിവര്‍ ഓടി സമീപത്തുള്ള വീട്ടിലെത്തി. ഇതോടെയാണ് സമീപവാസികള്‍ ഉരുള്പൊട്ടിയതറിഞ്ഞത്. ഇവര്‍ സ്ഥലത്തെത്തുമ്പോഴേക്കും വീട് പൂര്‍ണ്ണമായും മണ്ണിലകപ്പെട്ടിരുന്നു. തൊട്ടടുത്തുള്ള റസാഖിന്റെ സഹോദരി അസ്മാബിയുടെ വീടും തകര്‍ന്നു. അസ്മാബിയും മക്കളും ബന്ധുവീടുകളിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു.
തലപ്പുഴയിലേക്കുള്ള റോഡില്‍ വെള്ളം കയറിയും റോഡുകളില്‍ മണ്ണിടിഞ്ഞും മരംവീണും ഗതാഗതം തടസപ്പെട്ടതിനാല്‍ ഫയര്‍ഫോഴ്സിന് സ്ഥലത്തെത്താന്‍ കഴിഞ്ഞില്ല. നാട്ടുകാരുടെ മണിക്കൂറുകള്‍ നീണ്ട തെരച്ചലിനൊടുവിലാണ് സീനത്തിന്റെയും റാസഖിന്റെയും മൃതദേഹങ്ങള്‍ പുറത്തെടുക്കുകയായിരുന്നു. ജെസിബി എത്തിച്ച് മണ്ണ് നീക്കിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.