കല്പറ്റ: കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വയനാട്ടിലെത്തി. ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തു. അല്പസമയത്തിനകം മുഖ്യമന്ത്രിയും സംഘവും കല്പറ്റ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാംപിലേക്കു പോകും. തുടര്‍ന്ന് കലക്ടറേറ്റില്‍ അവലോകനയോഗം.
രാവിലെ 7.45ന് തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട സംഘം ആദ്യം ഇടുക്കി കട്ടപ്പനയില്‍ ഇറങ്ങുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്നു കട്ടപ്പനയില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായില്ല. തുടര്‍ന്ന് നേരെ വയനാട്ടിലേക്കു പോകുകയായിരുന്നു.
കട്ടപ്പനയില്‍ നടക്കുന്ന അവലോകനയോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിനു പങ്കെടുക്കാനാകാത്തതിനാല്‍ വൈദ്യുതി മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ അവലോകനയോഗം കൂടി. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പം പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.
ആറ് സ്ഥലങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് സന്ദര്‍ശനം മൂന്നിടങ്ങളിലാക്കി ചുരുക്കിയിരുന്നു.