വയനാട്: കഴിഞ്ഞ ദിവസം വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും നടുറോഡില്‍ മര്‍ദ്ദനമേറ്റത് ക്രൂരമായ സദാചാര ഗുണ്ടായിസമെന്ന് പോലീസിന് മൊഴി. സംഭവ ദിവസം നടന്നതിങ്ങനെ. ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും വയനാട് അമ്പലവയലിലെ ഒരു ലോഡ്ജില്‍ താമസിക്കുമ്പോള്‍ത്തന്നെ സജീവാനന്ദന് ഇവരുടെ മുറിയില്‍ ഇടിച്ചു കയറുകയും ഇരുവരോടും അപമര്യാദയായി പെരുമാറുകയും ചെയ്തു.
യുവതിയും യുവാവും എതിര്‍ത്തതോടെ ഇരുവരെയും ലോഡ്ജില്‍ നിന്ന് ഇറക്കി വിടാന്‍ ലോഡ്ജ് ജീവനക്കാരോട് സജീവാനന്ദന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളുടെ ബഹളത്തെ തുടര്‍ന്ന് ഇരുവരെയും ലോഡ്ജില്‍ നിന്ന് പുറത്താക്കി. ശേഷം ഇവരെ പിന്തുടര്ന്ന് അമ്പലവയല്‍ ടൗണില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നല്കി. യുവതിയോട് അന്വേഷണസംഘം
ഫോണിലൂടെയാണ് ബന്ധപ്പെട്ടത്. വെള്ളിയാഴ്ച കൊയമ്പത്തൂരില് നേരിട്ടെത്തി യുവതിയുടെ മൊഴിയെടുക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതിയെ ഇതുവരെ കണ്ടെ്തതിയിട്ടില്ല.
ഇയാള്‍ക്കായി കര്‍ണാടകയില്‍ അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചു. യുവതിയേയും യുവാവിനേയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നടപടിയെടുക്കാന്‍ മന്ത്രി കെകെ ശൈലജ ആവശ്യപ്പെടുകയായിരുന്നു.