കോഴിക്കോട്: കാമുകിയുടെ നിര്‍ദേശ പ്രകാരം ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ കാമുകന് പെണ്‍കുട്ടിയുടെ അമ്മയുടെ എടിഎം കാര്‍ഡുകളും പണവുമായി മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ എടിഎമ്മുകളില്‍നിന്നായി 45,000 രൂപയും പിന്‍ലിച്ചു. സംഭവത്തില്‍ 21കാരന് പോലീസ് പിടിയിലായി.
ഫ്രാന്‍സിസ് റോഡ് ഷഫീഖ് നിവാസില്‍ അര്‍ഫാനെയാണ് കസബ പൊലീസ് പിടികൂടിയത്. പണം നഷ്ടമായതറിഞ്ഞ് പെണ്‍കുട്ടിയുടെ അമ്മ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഒട്ടേറെ മോഷണക്കേസികളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.
ഇരുവരും പിന്നീട് പ്രണയത്തിലായി. വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പെണ്‍കുട്ടി അര്‍ഫാനെ വീട്ടിലേക്കു ക്ഷണിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ അര്ഫാന് പെണ്‍കുട്ടിയുടെ അമ്മയുടെ കിടപ്പുമുറിയിലെത്തി. അവിടെ അവരുടെ ബാഗിലുണ്ടായിരുന്ന നാല് എടിഎം കാര്‍ഡുകളും പണവും കൈക്കലാക്കി. ബന്ധുക്കള്‍ വീട്ടിലെത്താന്‍ നേരമായപ്പോള്‍ അര്ഫാന് വീട്ടില്‍നിന്നും പോയി.
പിന്നീട് പണം പിന്‍വലിച്ചെന്ന സന്ദേശം ഫോണില്‍ വന്നപ്പോഴാണ് എടിഎം കാര്‍ഡ് നഷ്ടപ്പെട്ട വിവരം കല്ലായി സ്വദേശിയായ വീട്ടമ്മ അറിയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പണം പിന്‍വലിച്ച എടിഎമ്മില്‍നിന്നു സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് ഒരു യുവാവിന്റെ ഫോട്ടോ വീട്ടമ്മയെ കാണിച്ചു.
എന്നാല്‍ തനിക്കോ തന്റെ മക്കള്‍ക്കോ ഇയാളെ അറിയില്ലെന്ന് ഇവര്‍ ആണയിട്ടു പറഞ്ഞു. എന്നാല്‍ മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് മകളെ മാറ്റിനിര്‍ത്തി ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വിവരം പുറത്തറിഞ്ഞത്.
താന്‍ ബിരുദ വിദ്യാര്‍ഥിയാണെന്നും മാതാപിതാക്കള്‍ വിദേശത്താണെന്നുമാണ് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്.അര്ഫാന് പല സ്റ്റേഷനുകളിലായി വിവിധ മോഷണക്കേസില്‍ ഒട്ടേറെ തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.