ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ പൂര്‍ണ്ണ ആരോഗ്യവാനല്ലെങ്കിലും വിരാട് കോഹ്ലി കളിക്കാനിറങ്ങണമെന്ന് മുന്‍ താരം സുനില്‍ ഗവാസ്കര്‍.
‘കോഹ്ലിയുടെ പരിക്കിനെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. നായകസ്ഥാനത്ത് ഞാനാണെങ്കില്‍, അദ്ദേഹം പകുതി ആരോഗ്യവാനാണെങ്കില്‍ അദ്ദേഹത്തെ കളിപ്പിക്കും. അയാള്‍ ടീമിന് അത്രയും നിര്‍ണായകമാണ്. നടക്കാന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹം കളിക്കണമെന്നും ഗവാസ്കര്‍ ആവശ്യപ്പെട്ടു.
രണ്ടാം ടെസ്റ്റിനിടെ വിരാട് കോഹ്ലിയ്ക്ക് പരിക്കേറ്റിരുന്നു. കളിക്കിടെ പുറംവേദന അനുഭവപ്പെട്ട താരം വേദന സഹിച്ചാണ് രണ്ടാമിന്നിംഗ്സില്‍ കളിക്കാനിറങ്ങിയത്.
അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ആദ്യ രണ്ട് ടെസ്റ്റിലും പരാജയമേറ്റു വാങ്ങിയിരുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സ് പരാജയമായിരുന്നു ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കോഹ്ലിയുടെ പ്രകടനം മികച്ചു നിന്നിരുന്നു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്ധസെഞ്ച്വറിയുമായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.
അതേസമയം രണ്ടാം ടെസ്റ്റില്‍ കോഹ്ലിയടക്കമുള്ള ബാറ്റിംഗ് നിര സമ്പൂര്‍ണ്ണ പരാജയമായിരുന്നു. എന്നാല്‍ മൂന്നാം ടെസ്റ്റിന് മുന്‍പ് ഇന്ത്യന്‍ ടീം കഠിന പരിശീലനം നടത്തണമെന്നും പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ ട്രെന്റ് ബ്രിഡ്ജിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടത് അത്യാവശ്യമാണെന്നും ഗവാസ്കര്‍ പറഞ്ഞു.