ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ആദ്യരണ്ടു ടെസ്റ്റുകളില്‍ നാമാവശേഷമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു മേല്‍ വാളോങ്ങി ബിസിസിഐ. മുഖ്യ പരിശീലകനായ രവി ശാസ്ത്രിയോടും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയോടും ബിസിസിഐ വിശദീകരണം തേടുമെന്നാണ് വിവരം. ശനിയാഴ്ച നോട്ടിംഗ്ഹാമില്‍ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് ശേഷമോ അതിനു മുന്‍പോ വിശദീകരണം ചോദിച്ചേക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍.
മൂന്നാം ടെസ്റ്റിനു ശേഷമാണ് നാലും, അഞ്ചും ടെസ്റ്റുകള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുകയെന്നതിനാല്‍ പലര്‍ക്കും നോട്ടിംഗ്ഹാം ടെസ്റ്റ് കടുത്ത പരീക്ഷണ വേദിയാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അടുത്ത മത്സര ഫലം വിജയമല്ലാതെ മറ്റെന്തെങ്കിലുമായാല് അത് കോച്ചിന്റെയും നായകന്റെയും മുന്നോട്ടുള്ള വഴികളില്‍ തടസങ്ങളുണ്ടാക്കുമെന്നാണ് സൂചന.
മുന്നൊരുക്കത്തിനു വേണ്ടത്ര സമയം കിട്ടിയില്ലെന്ന് ഇനി പരാതിപ്പെടാന്‍ ടീമിനു കഴിയില്ലെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര തോറ്റപ്പോള്‍ മത്സര ക്രമത്തിലെ അപാകതയെക്കുറിച്ചും പരിശീലനത്തിനു സമയം ലഭിക്കാത്തതിനെ കുറിച്ചുമായിരുന്നു ടീമംഗങ്ങളുടെ പരാതിയെന്നും ഒരു ബോര്‍ഡംഗം പറഞ്ഞതായാണ് വിവരം. എന്നാല്‍ ഇവിടെ അതിനു സാധ്യതകളില്ലെന്നും ഈ ബോര്ഡുന്നതന് വ്യക്തമാക്കിയെന്നാണ് വിവരം.
ടീം ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്ത ബോര്‍ഡിന് ഇനി നിലപാട് കടുപ്പിക്കേണ്ടി വരുമെന്നും ഈ മുതിര്‍ന്ന ബോര്‍ഡംഗം അറിയിച്ചെന്നും സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.
അതിനിടെ, സെലക്ടര്‍മാരില്‍ ഒരാളെങ്കിലും വിദേശ പര്യടനങ്ങളില്‍ ടീം മാനേജ്മെന്റിന്റെ ഭാഗമാകണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കര്‍ ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. ശാസ്ത്രിക്കും കോഹ്ലിക്കും പുറമേ ബാറ്റിംഗ് പരിശീലകന് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിംഗ് പരിശീലകന് ആര്.ശ്രീധര്‍ എന്നിവരുടെ നേര്‍ക്കും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.