ലോര്‍ഡ്സ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി (ടെസ്റ്റ്, ഏകദിനം, ടിട്വന്റി) ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോഹ്ലിയെ പിന്തള്ളി ബെയര്‍സ്റ്റോ ഒന്നാമതെത്തി.രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്കിയ ഇന്നിങ്സിനു പിന്നാലെയായിരുന്നു ഇത്. ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 1482 റണ്‍സ് ബെയര്‍സ്റ്റോവിന്റെ പേരിലുണ്ട്. ലോര്‍ഡ്സിലെ ഇന്നിങ്സിനു മുന്‍പ് 15 റണ്‍സിന്റെ വ്യത്യാസം മാത്രമായിരുന്നു കോഹ്ലിയും (1404) ബെയര്‍സ്റ്റോവും തമ്മില്‍ ഉണ്ടായിരുന്നത്.
ടെസ്റ്റിലെ 19-ാം അര്‍ധ സെഞ്ചുറി നേടി ബെയര്‍സ്റ്റോ, കോഹ്ലിയെ മറികടന്നു. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താന്‍ കോഹ്ലിക്ക് ഇനിയും സാധ്യത നിലനില്‍ക്കുന്നുണ്ട്. ബെയര്‍സ്റ്റോ ഈ വര്‍ഷം ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇതുവരെ കളിച്ച 21 മത്സരങ്ങളില്‍ നിന്ന് 66.85 റണ്‍സ് ശരാശരിയോടെയാണ് ഇന്ത്യന്‍ നായകന് 1404 റണ്‍സെടുത്തിരിക്കുന്നത്. 43.58 റണ്‍സ് ശരാശരിയോടെയാണ് ബെയര്‍സ്റ്റോ 1482 റണ്‍സ് നേടിയിരിക്കുന്നത്. രണ്ടു പേര്‍ക്കും അഞ്ച് സെഞ്ചുറികള്‍ വീതവുമുണ്ട്.
ബെയര്‍സ്റ്റോവും കോഹ്ലിയും കഴിഞ്ഞാല്‍ പട്ടികയിലെ മൂന്നാം സ്ഥാനം ഇംഗ്ലണ്ട് നായകന് ജോ റൂട്ടിനാണ്. 50.25 റണ്‍സ് ശരാശരിയില്‍ 1357 റണ്‍സാണ് റൂട്ടിന്റെ സമ്പാദ്യം. മൂന്നു സെഞ്ചുറിയും 10 അര്‍ധ സെഞ്ചുറിയും റൂട്ടിനുണ്ട്. പാകിസ്താന്റെ ഫഖര്‍ സമാനാണ് ഈ പട്ടികയില്‍ നാലാമതുള്ളത്. 65.61 റണ്‍സ് ശരാശരിയില്‍ 1181 റണ്‍സാണ് ഫഖര്‍ സമാന്റെ സമ്പാദ്യം. രണ്ടു സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.