ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് പേസര്‍മാരാണ് ഇന്ത്യന്‍ ടീമിനെ ചെറിയ റണ്‍സിന് കൂടാരം കയറ്റിയത്. 29 റണ്‍സെടുത്ത ആര്.അശ്വിനാണ് ഇന്ത്യന്‍ നിരയില്‍ ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്ഡേഴ്സണ് ആണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലൊടിച്ചത്.
ടെസ്റ്റിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച മഴ മൂലം കളി മുടങ്ങിയിരുന്നു. വെളളിയാഴ്ച കളി തുടങ്ങിയെങ്കിലും മഴ കാരണം രണ്ടുതവണ മുടങ്ങി. രണ്ടാം ദിനത്തില്‍ അക്കൗണ്ട് തുറക്കുന്നതിനു മുന്‍പേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. റണ്‍സൊന്നും എടുക്കാതെ മുരളി വിജയ് ആണ് ആദ്യം പുറത്തായത്. നാലാം ഓവറില്‍ ലോകേഷ് രാഹുലും പുറത്തായി.
ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കൊപ്പം ചേര്‍ന്ന് റണ്‍സ് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചേതേശ്വര്‍ പൂജാര റണ്‍ഔട്ട് ആയത്. 24 പന്തുകള്‍ നേരിട്ട പൂജാര ഒരു റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു വിക്കറ്റ് വീണത്.
ആന്ഡേഴ്സണ് എറിഞ്ഞ ഒന്‍പതാം ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. പൂജാര റണ്‍സിനായി ഓടിയെങ്കിലും നോണ്‍ സ്ട്രൈക്കേഴ്സ് എന്ഡില്നിന്ന കോഹ്ലി കുറച്ചുദൂരം ഓടിയശേഷം പിന്നീട് തിരിച്ചോടി. ഇതോടെ പൂജാരയ്ക്ക് ഒന്നും കഴിയാതെ വന്നു.
പൂജാരയുടെ വിക്കറ്റിന്റെ ഉത്തരവാദി കോഹ്ലിയാണെന്നാണ് സോഷ്യല്‍ മീഡിയ കുറ്റപ്പെടുത്തിയത്. കോഹ്ലി ഓടിയിരുന്നുവെങ്കില് പൂജാര റണ്‍ഔട്ട് ആകില്ലായിരുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് പ്രതികരിച്ചത്. എന്നാല്‍ പൂജാരയുടെ റണ്ഔട്ടിന് കോഹ്ലിയല്ല കാരണക്കാരന്‍ എന്നാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്ഫ് പറയുന്നത്.
റണ്ഔട്ടിന് കോഹ്ലിയെ നിങ്ങള്‍ക്ക് കുറ്റപ്പെടുത്താം, പക്ഷേ അടുത്ത മല്‍സരത്തിലുടനീളം പൂജാരയുടെ കണ്ണുകള്‍ തീര്‍ച്ചയായും കോഹ്ലിയുടെ നേര്ക്കുണ്ടാകും, ഇതായിരുന്നു കെയ്ഫ് ട്വീറ്റ് ചെയ്തത്. റണ്ണിനായി ഓടുമ്പോള്‍ പൂജാര നായകന് കോഹ്ലിയെ നോക്കിയിരുന്നുവെങ്കില് റണ്‍ഔട്ട് ആകില്ലായിരുന്നുവെന്ന് പറയാനാണ് കെയ്ഫ് ശ്രമിക്കുന്നത്. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ കോഹ്ലി തിരിച്ചോടുന്നതുകണ്ട് പൂജാരയ്ക്കും പെട്ടെന്ന് തിരിച്ചോടാന്‍ കഴിയുമായിരുന്നു.