തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനും കഴക്കൂട്ടം എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രനുമെതിരെ പ്രതിഷേധം ശക്തം. പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത പൊതുസമ്മേളനം നടത്തി ടര്‍ഫ് നശിപ്പിച്ചതിലാണ് പ്രതിഷേധം. ശോഭ സുരേന്ദ്രന് ആയിരുന്നു രാഷ്ട്രീയ പരിപാടിയുടെ മുഖ്യ സംഘാടക.
ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പരിപാലിച്ചു പോരുന്ന ടര്‍ഫാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ രാഷ്ട്രീയ സമ്മേളനം കാരണം നശിച്ചതെന്നും വിമര്‍ശനങ്ങളുണ്ട്. വെള്ളിയാഴ്ചയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
ഗാലറിയില്‍ ധാരാളം സ്ഥലമുണ്ടായിട്ടും ആളുകളെ ടര്‍ഫില്‍ പ്രവേശിപ്പിച്ചുവെന്നാണ് ബി.ജെ.പിക്കെതിരെ ഉയരുന്ന ആരോപണം. വി.ഐ.പി പാസ് നല്കി ബി.ജെ.പി പ്രവര്‍ത്തകരെ ടര്‍ഫില്‍ പ്രവേശിപ്പിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും അവിടെയായിരുന്നു ഇരിപ്പിടമെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തേ ആര്‍മി റിക്രൂട്ട്മെന്റ് റാലിയുടെ ഭാഗമായി ഗ്രൗണ്ട് നശിപ്പിച്ചുവെന്ന് പറഞ്ഞ് മന്ത്രിയും കഴക്കൂട്ടം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കടകംപള്ളിയുടെ നേതൃത്വത്തില്‍ നടന്ന സൈനിക റാലി അവിടെ നിന്ന് മാറ്റിവെക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ ചില പരിമിതികള്‍ കാരണം പരിപാടി അവിടെത്തന്നെ നടത്താന്‍ കരസേന തീരുമാനിക്കുകയായിരുന്നെന്നു. ടര്‍ഫ് നശിപ്പിച്ച സംഭവത്തില്‍ വിമര്‍ശിച്ച് കടകംപള്ളി സുരേന്ദ്രനും രംഗത്തുവന്നു. ‘ആര്‍മി റിക്രൂട്ട്മെന്റ് റാലിക്കെതിരെ വാളെടുത്ത ബി.ജെ.പി നേതാക്കളും അണികളും ഇപ്പോള്‍ രാഷ്ട്രീയ സമ്മേളനം സ്റ്റേഡിയത്തിനുള്ളില്‍ വെച്ച് നടത്തിയത് ന്യായീകരിക്കാന്‍ നില്‍ക്കുന്നത് അല്പത്തരമാണ്. ഓരോ വിഷയത്തിലും എത്രത്തോളം കാപട്യം നിറഞ്ഞവരാണ് ഇവര്‍ എന്നതാണ് ഇവിടെ തെളിയുന്നത്’ എന്നാണ് കടകംപള്ളി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.